bindu

തിരുവനന്തപുരം: വൃക്കരോഗബാധിതനായ ഭർത്താവിന് പിന്നാലെ ഭാര്യയും വൃക്ക - ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് അടിമപ്പെട്ടതോടെ ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഒരു കുടുംബം. മലയിൻകീഴ് അരുവിപ്പുറം കുഴിക്കാലംകോട് അനിൽഭവനിൽ ബിന്ദുവാണ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ഭർത്താവ് ഹർഷകുമാറിന് എട്ടു വർഷത്തിലേറെയായി വൃക്ക രോഗമുണ്ട്. കടംവാങ്ങിയും നാട്ടുകാരിൽ നിന്നും പിരിച്ചെടുത്തുമാണ് ചികിത്സ നടത്തിപ്പോന്നത്. ഇതിനിടെയാണ് ബിന്ദുവിനെയും വൃക്കരോഗം തളർത്തിയത്.
കൂലിപ്പണിക്കാരനായ ഹർഷകുമാർ സമൂഹ വിവാഹത്തിലൂടെയാണ് ബിന്ദുവിനെ താലി ചാർത്തിയത്. ഹർഷകുമാർ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത്. ഇതിനിടെയാണ് വൃക്ക രോഗം പിടിപെട്ടത്. ഇപ്പോൾ ബിന്ദുവിനും ഇതേ രോഗം പിടിപെട്ടതോടെ ഇരു കാലുകളും നീരുവന്ന് വീർത്ത് ബുദ്ധിമുട്ടിലായി. തുടർ ചികിത്സയ്ക്കും മറ്റുമായി സുമനസുകളുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ ദമ്പതികൾ .ഇതിനായി ഫെ‌‌‌ഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 15490100117379. ഐ.എഫ്.എസ്.സി-എഫ്.ഡി.ആർ.എൽ 0001549. ഫോൺ:7025485473.