തിരുവനന്തപുരം: വിനോദസഞ്ചാരത്തിൽ ഭിന്നശേഷി സൗഹൃദമായ ആദ്യ സംസ്ഥാനം കേരളമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ഭിന്നശേഷിക്കാരെ സഹായിക്കാൻ തയാറാക്കിയ ബ്രെയിൽ ബ്രോഷർ, ആംഗ്യ ഭാഷാ വീഡിയോ, ഗൈഡിംഗ് ആപ്പ് എന്നിവ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെ.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷനായി. തെന്മലയിലെ ടൂർ പാക്കേജുകളുടെ വിവരണം മന്ത്രിയിൽനിന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഏറ്റുവാങ്ങി.
കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു, ഇന്ത്യൻ അസോസിയേഷൻ ഒഫ് ടൂർ ഓപ്പറേറ്റേഴ്‌സ് സീനിയർ വൈസ് പ്രസിഡന്റ് ഇ.എം.നജീബ്, ടി.ഇ.പി.എസ് എക്‌സിക്യൂട്ടിവ് അംഗം എസ് ബിജു, കൗൺസിലർ പാളയം രാജൻ, ഡി.മനോജ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.