parassala

പാറശാല: ഒരിക്കലും വറ്റാത്ത ജലസമൃദ്ധിയായിരുന്ന കാരോട് പഞ്ചായത്തിലെ ചെങ്കവിള വാർഡിലുള്ള അയിരകുളം കട്കയറി നശിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷത്തിലേറെയായി. കൃഷിക്കും കുളിക്കാനും മറ്ര് കന്നുകാലികളെ കുളിപ്പിക്കാനും എല്ലാം നാട്ടുകാരും മറ്റ് ദൂരദേശക്കാരും ഈ കുളത്തെ ആശ്രയിക്കുമായിരുന്നു. വരൾച്ചക്കാലമാകുംമ്പോൾ അയിരകുളത്തെയാണ് പലരും ആശ്രയിക്കുന്നതും. അഞ്ഞൂറേക്കറോളം വരുന്ന കൃഷിപാടത്തേക്കും വേള്ളം എത്തിക്കുന്നത് ഇവിടെ നിന്നും ആയിരുന്നു. എന്നാൽ പത്തേക്കർ വിസ്തൃതി ഉണ്ടായിരുന്ന കുളത്തിന്റെ ഒരു വശത്തുകൂടെ അയിരപ്പാലത്തിന്റെ അപ്രോച്ച് റോഡ് കുളത്തിന്റെ പടിഞ്ഞാറ് ബണ്ടിനോട് ചേർന്നാണ് പണിതത്. ഇതോടെ രണ്ട് ഏക്കറോളം കുളത്തിന് നഷ്ടമായി. ഇപ്പോൾ 8 ഏക്കർമാത്രമാണ് കുളത്തിന്റെ വിസ്തൃതി. അധികൃതരും നാട്ടുകാരും വേണ്ട രീതിയിൽ കുളത്തെ സംരക്ഷിക്കാതായതോടെ അയിരകുളം നാശത്തിന്റെ വക്കിലേക്ക് കൂപ്പുകുത്തുകയാണ്.

അയിരകുളത്തിലേക്ക് വെള്ളം നിറച്ചിരുന്നത് വലിയ തോട്ടിൽ നിന്നായിരുന്നു. കുളത്തിന്റെ ഒരു ഭാഗത്ത് സിമന്റ് തൂൺ നിർമ്മിച്ച് ആഞ്ഞിലി പലകകൊണ്ട് വെള്ളം തടഞ്ഞ്കുളം നിറച്ചിരുന്നത്. എന്നാൽ ആഞ്ഞിലിപ്പലകകൾ സാമൂഹിക വിരുദ്ധർ മോഷ്ടിച്ചതോടെ വെള്ളം കുളത്തിലേക്ക് എത്തിക്കാനും കഴിയാതായി. ഇപ്പോൾ മഴവെള്ളം മാത്രമാണ് കുളത്തിന്റെ ആകെ ജല ശ്രോതസ്. കുളത്തിൽ നിന്നും വെള്ളം ഒഴുക്കിവിടാനുള്ള തൂമ്പുകളും അടഞ്ഞതോടെ സമീപത്തെ കൃഷിയിടങ്ങളിലേക്കും വെള്ളം എത്തിക്കാൻ കഴിയാതായി. നെല്ലും മറ്റും കൃഷി ചെയ്തിരുന്ന ഇവിടെ ഇപ്പോൾ വാഴയും മരച്ചീനിയും മാത്രമായി കൃഷി ഒതുങ്ങി.

വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ വെളിയും പാലയും കെട്ടി കുളത്തിലെ വെള്ളം ഉപയോഗ ശൂന്യമായി. നിലവിൽ കുളത്തിലെ വെള്ളം ശരീരത്തിൽ തട്ടിയാൽ പല ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്ന അവസ്ഥയിലാണ്. ഒരീവശ്യത്തിനും കുളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഏതാനും നാളുകൾ മുൻപ് കുളം നവീകരിക്കാൻ അധികൃതർ തുക അനുവദിച്ചുരുന്നു. എന്നാൽ കുളത്തിലെ ചെളി കോരിമാറ്റാൻ പോലും തുക തികയാത്തതിനാൽ അനുവദിച്ച തുക വകമാറ്രി ചെലവഴിച്ചെന്നും ആക്ഷേപമുണ്ട്.