പാറശാല: കേരളം നവകേരളമാകണം. പ്രളയം തകർത്ത നാടിനെ നാം ഒറ്റക്കെട്ടായി തിരിച്ചുപിടിക്കും. ഞങ്ങൾ, കുട്ടികൾ അതിനായി ഒരേ മനസോടെ പ്രയത്നിക്കും' അറബിക്കടലിനെ സാക്ഷിയാക്കി കുഞ്ഞുകൈകൾ സമുദ്രത്തിലേക്ക് നീട്ടി കുട്ടികൾ പ്രതിജ്ഞ ചൊല്ലിയപ്പോൾ അത് നവകേരള നിർമ്മാണത്തിന് കരുത്തു പകരുന്ന പുതിയ വാക്കും വെളിച്ചവുമായി. ഉച്ചക്കട ആർ.സി.എൽ.പി എസിലെ വിദ്യാർത്ഥികൾ പൂവാർ പൊഴിയൂരിലെ പൊഴിമുഖത്തെത്തി നവകേരള നിർമ്മാണത്തിനായി പ്രതിജ്ഞ എടുത്തു. ക്യാംപ് ഫോർ എക്സലൻസിന്റെ ഭാഗമായിട്ടാണ് അറബിക്കടലും നെയ്യാറും സംഗമിക്കുന്ന പൂവാർ പൊഴിയൂരിലെ പൊഴിമുഖത്തെത്തിയത്.
ബി.ആർ.സി പരിശീലകരായ എ.എസ്. മൻസൂർ, ആർ.എസ്. ബൈജുകുമാർ, എസ്. അജികുമാർ, പ്രധാനാദ്ധ്യാപകൻ ടി.ആർ. ബേസിൽ, അദ്ധ്യാപകരായ സി. സുകുമാരൻ, ആർ. ജയചന്ദ്രൻ, രതീഷ് കുമാർ, ടി.വി. സുസ്മിത, സിസ്റ്റർ ആലീസ് മേരി, ഗ്ലോറി, ഷെർളി സി.പീറ്റർ, ഉഷ, ലില്ലിപുഷ്പം എന്നിവർ നേതൃത്വം നൽകി. ദ്വിദിന പരിപാടിയായാണ് ' ക്യാംപ് ഫോർ എക്സലൻസ് ' സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി ഒരു രാത്രി അംഗങ്ങൾ വിദ്യാലയത്തിൽ തന്നെ തങ്ങി. കെ. ആൻസലൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി ഗണിത കേളികളിൽ റാം സുജിനും, ചിത്രകലയെക്കുറിച്ച് രതീഷ് കുമാറും, ഇന്റർനെറ്റിന്റെ ചതിക്കുഴികളെക്കുറിച്ച് ജോൺ മാറാടിയും, ശാസ്ത്ര പരീക്ഷണങ്ങളെക്കുറിച്ച് ജോൺ സേവ്യറും ക്ലാസെടുത്തു. പുലിയൂർ ജയകുമാറിന്റെ നേതൃത്വത്തിൽ നാടൻ പാട്ട് അവതരണവും ക്യാമ്പ് ഫയറും നടന്നു.