തിരുവനന്തപുരം: ശമ്പളവിതരണം മുടങ്ങിയതിനെ തുടർന്നുണ്ടായ കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ച 20 കോടി രൂപ ട്രഷറി അക്കൗണ്ടിൽ എത്തിയതോടെയൊണ് പ്രതിസന്ധിക്ക് പരിഹാരമായത്.
കഴിഞ്ഞ 10 മാസത്തിനിടെ ഇതാദ്യമായാണ് കെ.എസ്.ആർ.ടി.സി.യിൽ ശമ്പളം വൈകുന്നത്. എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണ് ശമ്പളം വിതരണം ചെയ്യാറുള്ളത്. എന്നാൽ 93 ഡിപ്പോകളിൽ 46 എണ്ണത്തിൽ മാത്രമാണ് ഫെബ്രുവരിയിലെ ശമ്പളം പൂർണമായും വിതരണം ചെയ്യാൻ കഴിഞ്ഞത്. ഉയർന്ന ഉദ്യോഗസ്ഥർക്കും വർക്ക് ഷോപ്പുകളിലും ചീഫ് ഓഫീസിലും വരെ അവസാന പ്രവർത്തി ദിവസത്തിൽ ശമ്പളം വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
വരുമാനം കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഫെബ്രുവരി മാസത്തെ മൊത്തം വരുമാനം 166 കോടി രൂപയായിരുന്നു. ശരാശരി വരുമാനം പ്രതിദിനം ആറുകോടിയിൽ താഴെയും. ഇതോടെയാണ് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നത്. ജനുവരിയിൽ ശബരിമല സർവ്വീസിൽ നിന്ന് 45 കോടി കിട്ടിയതോടെ ആ മാസത്തെ ശമ്പളം കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് നൽകിയിരുന്നു.