പുൽപള്ളി: വയോധികയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് ഒളിവിൽപോയ പ്രതിയെ 24 വർഷങ്ങൾക്കുശേഷം പൊലീസ് പിടികൂടി. 1985 ൽ തൃശൂരിൽ വയോധികയെ കൊന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് മുങ്ങിയ ചാലക്കുടി കൊരട്ടി സ്വദേശി വെഞ്ചനപ്പള്ളി പ്രസാദ് (43) ആണ് പുൽപള്ളി പൊലീസിന്റെ പിടിയിലായത്. കുറേക്കാലമായി വെള്ളമുണ്ട എട്ടേ നാലിൽ താമസിച്ച് വരികയായിരുന്ന ഇയാൾ അടുത്തകാലത്താണ് പുൽപള്ളിയിലെത്തിയത്. ഇവിടെ കൂലിപ്പണിയെടുത്ത് വരികയായിരുന്നു. നാട്ടിൽ ഭാര്യയുള്ള ഇയാൾ അക്കാര്യം മറച്ചുവച്ച് വെള്ളമുണ്ടയിൽ നിന്ന് വിവാഹം കഴിച്ചിരുന്നു. പ്രസാദിനെ കാണാനില്ലെന്ന് പരാതിപ്പെട്ട് ഇയാളുടെ രണ്ടാം ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രസാദ് പുൽപള്ളിയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുൽപള്ളി ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് ഇയാളെ പിടികൂടിയത്. ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസിന് കൈമാറി.