പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ആറാട്ട് ഇന്ന് വൈകിട്ട് കാഞ്ഞിരംമൂട് കടവിൽ നടക്കും. പതിനൊന്ന് ദിവസമായി ക്ഷേത്രത്തിൽ നടന്നുവരുന്ന രണ്ടാമത് അതിരുദ്ര മഹായജ്ഞം ഇന്ന് രാവിലെ 11 ന് നടക്കുന്ന വസോർധാരയെ തുടർന്ന് കലശാഭിഷേകത്തോടെ സമാപിക്കും. ഉച്ചപൂജ കഴിഞ്ഞ് തൃക്കൊടിയിറക്ക് നടക്കും. വൈകിട്ട് 4.30 ന് ശിവപാർവതിമാരെ പ്ലാവിൻ തടിയിൽ തീർത്ത പ്രത്യേകം തയ്യാറാക്കിയ രഥത്തിൽ ആറാട്ട് കടവിലേക്ക് ആനയിക്കും. വിവിധയിനം വാദ്യ മേളങ്ങൾ, ഫ്ളോട്ടുകൾ ഉൾപ്പെടെ ആയിരത്തിൽപരം കലാകാരന്മാർ പങ്കെടുക്കുന്ന ഘോഷയാത്രയിൽ വ്രതമെടുത്ത ഭക്തജങ്ങൾ ശിവപാർവതിമാരുടെ വിഗ്രഹങ്ങൾ വച്ചിട്ടുള്ള രഥത്തെ ആറാട്ട് കടവിലേക്ക് ആനയിക്കും. മഹാശിവരാത്രിയുടെ ഭാഗമായി നാളെ പകലും രാത്രിയിലും തുടർന്ന് ഓരോ യാമത്തിലും വിശേഷാൽ പൂജ, നാമാർച്ചന, പ്രഭാഷണം, ഭജന എന്നിവയും ഉണ്ടായിരിക്കും.