kadakompally

കഴക്കൂട്ടം: ഇടതുസർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ഒരിക്കലും തറക്കല്ലിട്ടുപോകലല്ല, പി​റ്റേ ദിവസം തന്നെ നിർമ്മാണപ്രവർത്തനം ആരംഭിച്ചിരിക്കുമെന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.10 കോടി രൂപ ചെലവിൽ കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയത്തിന്റെ ആദ്യഘട്ട നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒരു സർക്കാരും ചെയ്യാത്ത വികസനപ്രവർത്തനങ്ങളാണ് ഇടത് സർക്കാർ ക്ഷേത്രങ്ങൾക്കുവേണ്ടി ചെയ്യുന്നതെന്നും വികസനകാര്യത്തിൽ 140 മണ്ഡലങ്ങളിൽ ഒന്നാമതായി കഴക്കൂട്ടത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒൻപതിടത്ത് ഇതേ പോലെ ഇടത്താവളങ്ങൾ നിർമ്മിക്കും. വിശാലമായ അമിനി​റ്റി സെന്റർ, 350 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, വിരിപ്പന്തൽ, 700 പേർക്ക് ഇരിക്കാവുന്ന ആഡി​റ്റോറിയം, ഓപ്പൺ സ്​റ്റേജ്, ആധുനിക പാചകമുറി, ടോയ്‌ലെ​റ്റ് സൗകര്യം തുടങ്ങിയവ സമുച്ചയത്തിന്റെ ഭാഗമായി നിർമ്മിക്കും. ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് കൗണ്ടർ, ഇന്റർനെ​റ്റ്, വൈ ഫൈ സംവിധാനം, ലോക്കർ സൗകര്യം, ഭക്തർക്കാവശ്യമായ സാധനങ്ങൾ ലഭിക്കുന്ന അമിനി​റ്റി സ്​റ്റോർ എന്നിവയും ഇവിടെയുണ്ടാകും. ക്ഷേത്രക്കുളം നവീകരിക്കുന്നതിന് 46 ലക്ഷം രൂപ വിനിയോഗിക്കും. ഒരു ലക്ഷം ലി​റ്റർ സംഭരണ ശേഷിയുള്ള സമ്പ് ടാങ്കും നിർമ്മിക്കുന്നുണ്ട്. മേയർ വി.കെ. പ്രശാന്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അഡ്വ. എം. രാജഗോപാലൻ നായർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, ദേവസ്വം കമ്മിഷണർ എൻ. വാസു, നഗരസഭാ കൗൺസിലർ മേടയിൽ വിക്രമൻ,​ ബാബുകുട്ടൻ​ തുടങ്ങിയവർ പങ്കെടുത്തു.