നെയ്യാറ്റിൻകര: ശ്രീനാരായണഗുരു പ്രഥമപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ ശിവരാത്രി ദിനമായ ഇന്ന് ആയിരങ്ങൾ ദർശന പുണ്യം തേടിയെത്തും.ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം രാവിലെ 11ന് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജെ.മേഴ്സിക്കുട്ടിയമ്മ അദ്ധ്യക്ഷത വഹിക്കും.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ഡി.കെ.മുരളി എം.എൽ.എ, ഡോ.ബി.അശോക്,ഡോ.എൻ.മുകുന്ദൻ,മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ്, ഡോ.എം.എ.സിദ്ദിഖ്, സ്വാമി ധർമ്മ ചൈതന്യ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് 1 ന് നടക്കുന്ന സത്‌സംഗത്തിൽ അരുമാനൂർ ജി.മാധവന്റെ പ്രഭാഷണം.3.30ന് പത്മശ്രീ പുരസ്കാര ജേതാവ് സ്വാമി വിശുദ്ധാനന്ദയെ പൂർണ കുംഭം നൽകി ആദരിക്കും. വൈകിട്ട് 6.15ന് 131 മോഹിനിയാട്ട നർത്തകർ പങ്കെടുക്കുന്ന ദൈവദശകത്തിന്റെ നൃത്താവിഷ്കാരം. സന്ധ്യക്ക് 6.30ന് മഹാശിവരാത്രി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി.ജയരാജൻ അദ്ധ്യക്ഷത വഹിക്കും. ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ശിവരാത്രി സന്ദേശം നൽകും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ,കെ.രാജു, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.പ്രേമചന്ദ്രൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്,കെ.ആൻസലൻ എം.എൽ.എ, എം.ബി ശ്രീകുമാർ, ഡോ.സുരേഷ്കുമാർ മധുസൂദനൻ, എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് ആവണി ബി.ശ്രീകണ്ഠൻ, വണ്ടന്നൂർ സന്തോഷ് എന്നിവർ പ്രസംഗിക്കും. സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറയും.
ആയിരം കുടം അഭിഷേകം
ഗുരുദേവൻ ശിവലിംഗം മുങ്ങിയെടുത്ത നെയ്യാറിലെ ശങ്കരൻ കുഴിയിൽ നിന്നും 1008 കുടം ജലം നിറച്ച് ക്ഷേത്രത്തില ശിവലിഗത്തിൽ അഭിഷേകം ചെയ്യും. പുലർച്ചെ 1 മുതലാണ് ആയിരംകുടം അഭിഷേകം ആരംഭിക്കുന്നത്.