hridyam

തിരുവനന്തപുരം: പിറന്ന് വീഴുമ്പോഴേ ഹൃദയ സ്‌പന്ദനമിടറുന്ന കുരുന്നുകൾക്ക് ആശ്വാസമായ ആരോഗ്യവകുപ്പിന്റെ 'ഹൃദ്യം" പദ്ധതിയുടെ രജിസ്ട്രേഷൻ വിപുലീകരിച്ചു. ഹൃദയ ശസ്ത്രക്രിയയുൾപ്പെടെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകാത്തവർക്ക് ആരോഗ്യ വകുപ്പിന്റെ 'ദിശ"യുടെ (ഡയറക്ട് ഇന്റർവെൻഷൻ സിസ്റ്റം ഫോർ ഹെൽത്ത് അവയർനസ്)

1056 എന്ന ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം. 24 മണിക്കൂറും സേവനമുണ്ടാകും. രജിസ്ട്രേഷൻ ലഭിക്കാതെ ഒരു കുഞ്ഞും പ്രയാസം അനുഭവിക്കാതിരിക്കാനാണ് പുതിയ സൗകര്യം. മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ 'ദിശ"യിൽ വിളിക്കാം. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം. രോഗവിവരങ്ങൾ ചോദിച്ചറിയാൻ ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ അധികൃതർ മണിക്കൂറുകൾക്കകം രജിസ്റ്റർ ചെയ്യുന്ന നമ്പരിൽ ബന്ധപ്പെടും.

രണ്ടാഴ്‌ച മുമ്പ് വരെ www.hridyam.in എന്ന വെബ്സൈറ്റിലൂടെ മാത്രമായിരുന്നു രജിസ്ട്രേഷൻ. എന്നാൽ കുഞ്ഞുങ്ങളുടെ വിവരം ചോരുമെന്ന് ഫ്രഞ്ച് സൈബർ സുരക്ഷാവിദഗ്‌ദ്ധൻ എലിയറ്റ് ആൽഡേഴ്സൺ ചൂണ്ടിക്കാട്ടിയതോടെ വെബ്സൈറ്റിൽ കൂടുതൽ സുരക്ഷയൊരുക്കി. അതോടെ രജിസ്ട്രേഷൻ പ്രക്രിയ സങ്കീർണവുമായി. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നൽകിയാലേ രജിസ്റ്റർ ചെയ്യാനാകൂ. അഞ്ച് മിനിട്ടിൽ രജിസ്ട്രേഷൻ പൂർത്തിയായില്ലെങ്കിൽ പുതിയ ഒ.ടി.പി നേടണം. നിലവിൽ കേരളത്തിൽ മാത്രമേ വെബ്സൈറ്റ് ഉപയോഗിക്കാനാകൂ.

അഭയം തേടിയത് 3145 പേർ
2017 ആഗസ്റ്റിൽ ആരംഭിച്ച 'ഹൃദ്യം" പദ്ധതിയിൽ ഇന്നലെ വരെ 3145 കുഞ്ഞുങ്ങളാണ് അഭയം തേടിയത്. 1100 കുഞ്ഞുങ്ങൾക്ക് അടിയന്തര ശസ്ത്രക്രിയയും നടത്തി. ഗർഭാവസ്ഥയിൽ രോഗം കണ്ടെത്തിയ 70 കുട്ടികളെ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. തിരുവനന്തപുരം ശ്രീചിത്ര, കോട്ടയം ഗവ. മെഡിക്കൽ കോളേജ്, കൊച്ചി അമൃതാ ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്സ് ചർച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സയൊരുക്കിയിട്ടുള്ളത്.

4000 കുട്ടികൾ ഹൃദ്രോഗികൾ (ആരോഗ്യവകുപ്പിന്റെ കണക്ക്)

 പ്രതിവർഷം ജനിക്കുന്നതിൽ ഹൃദ്രോഗമുള്ളത് 4000 കുട്ടികൾക്ക്

 അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടികൾ 1100

 800 കുട്ടികൾ മരിക്കുമ്പോൾ 300 പേർ രക്ഷപ്പെടും

 കഴിഞ്ഞ വർഷം 'ഹൃദ്യ"ത്തിലൂടെ രക്ഷപ്പെട്ടത് 800ലധികം കുട്ടികൾ

'വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ 'ദിശ"യിൽ വിളിച്ചാൽ മതി. വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടില്ല. ഇപ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ആർക്കും ആശങ്കവേണ്ട".

- ഡോ. എം. ശ്രീഹരി, നോഡൽ ഓഫീസർ, ഹൃദ്യം