തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ പുതിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ഏപ്രിൽ ഒന്നിന് തുടക്കം. നിലവിലുള്ള എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളും കാരുണ്യ ബെനവലന്റ് ഫണ്ടും സംയോജിപ്പിച്ചുള്ള പദ്ധതിയിലൂടെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് അംഗങ്ങൾക്കു ലഭിക്കുക.40.96 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിയാണ് 2019 - 20 സാമ്പത്തിക വർഷത്തെ സേവനദാതാവ്.
ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ കരാർ പരിശോധനാ സമിതിയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം തുക ക്വോട്ട് ചെയ്‌ത റിലയൻസ് കമ്പനിയെ തിരഞ്ഞെടുത്തത്. ന്യൂ ഇന്ത്യ, യുണൈറ്റഡ് ഇന്ത്യ, നാഷണൽ തുടങ്ങി അഞ്ച് ഇൻഷ്വറൻസ് കമ്പനികൾ രംഗത്തുണ്ടായിരുന്നെങ്കിലും ഒരു കുടുംബത്തിന് 1,671 രൂപ എന്ന കുറഞ്ഞ വാർഷിക പ്രീമിയമാണ് റിലയൻസ് മുന്നോട്ടുവച്ചത്. പദ്ധതിയുടെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയായ ചിയാക് നൽകിയ റിപ്പോർട്ട് അനുസരിച്ച് സർക്കാർ ഇതിന് അംഗീകാരം നൽകുകയും ചെയ്തു.
സർക്കാർ നിയോഗിച്ച ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടർ ഡോ. ഡി. നാരായണ ചെയർമാനായ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്ത 1,824 മെഡിക്കൽ പാക്കേജുക്കളുടെ നിരക്കുകൾക്ക് സർക്കാർ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ- സ്വകാര്യ ആശുപത്രികളിൽ പദ്ധതി പ്രകാരം ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
ആർ.എസ്.ബി.വൈ, ചിസ് പദ്ധതി അംഗങ്ങളായ കുടുംബങ്ങൾ പുതിയ പദ്ധതിക്കു കീഴിൽ വരും.
ഇതുവരെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്: 61 ലക്ഷം പേർക്ക്
നൽകിയ ചികിത്സാ സഹായം: 2,555 കോടി രൂപ