കിളിമാനൂർ: മാർക്കറ്റിലെ മാലിന്യത്തിന്റെ ദുർഗന്ധത്തിൽ പൊറുതിമുട്ടി കിളിമാനൂർ നിവാസികൾ. കിളിമാനൂർ സർക്കാർ ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, അംഗനവാടി, എക്സൈസ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ പണിയെടുക്കുന്നത് ഈ കടുത്ത ദുർഗന്ധം സഹിച്ചാണ്.
മാർക്കറ്റിൽ മാലിന്യം നിക്ഷേപിക്കുന്ന കുഴിയിൽ രാവിലെ മുതൽ അവ കത്തിക്കുമ്പോഴുണ്ടാകുന്ന പുക കാരണം കിളിമാനൂരിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. നിത്യേന നൂറുകണക്കിന് രോഗികൾ എത്തുന്ന ആയുർവേദ ആശുപത്രിയിലെയും, ഹോമിയോ ആശുപത്രിയിലെയും രോഗികളും, ജീവനക്കാരും ഈ ദുർഗന്ധത്താലും, പുക കൊണ്ടും പകർച്ച വ്യാധികളും മറ്റ് അസുഖങ്ങളുടെയും ഭീതിയിലാണ്. തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുരുന്നുകളും ഇതേ അവസ്ഥയിലാണ്. മാർക്കറ്റിനകത്തെ മുഴുവൻ മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ഈ സ്ഥാപനങ്ങൾക്ക് സമീപമുള്ള മാലിന്യ നിക്ഷേപക പ്ലാന്റിലാണ്. യഥാസമയം ഇവിടുന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാത്തതു കാരണം, ഇറച്ചിക്കടയിലെ മാലിന്യങ്ങൾ ഉൾപ്പെടെ തെരുവുനായ്ക്കളും പക്ഷികളും കൊത്തി വലിച്ച് സമീപ വീടുകളിലും കിണറുകളിലും കൊണ്ടിടുന്നതും പതിവ് കാഴ്ചയാണ്. വർഷങ്ങൾക്ക് മുൻപ് മാലിന്യ സംസ്കരണത്തിനും, അതുവഴി വൈദ്യുതി ഉല്പാദനത്തിനുമായി മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിച്ചങ്കിലും കാലങ്ങളായി ഇത് പ്രവർത്തനരഹിതമാണ്. എത്രയും വേഗം മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ശരിയാക്കണം എന്നും മാലിന്യങ്ങൾ നിറഞ്ഞ പ്ലാന്റ് ശുചീകരിച്ച് അംഗൻവാടി കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്താൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.