റെക്കാഡുകളുടെ അദ്ഭുതപ്രതിഭ റോജർ ഫെഡറർ ടെന്നീസ് കോർട്ടിൽ ചാമ്പ്യൻഷിപ്പുകളുടെ കാര്യത്തിൽ സെഞ്ച്വറി പൂർത്തിയാക്കി. ദുബായ് ഒാപ്പണിൽ തന്നേക്കാൾ 19 വയസ് ഇളപ്പമുള്ള ഗ്രീക്ക് വിസ്മയം സ്റ്റെഫാനോസ് സിറ്റ്സി പാസിനെ 6-4, 6-4 സ്കോറിന് തോല്പിച്ചു കൊണ്ടാണ് 100-ാം കപ്പുയർത്തിയത്
.
109 ചാമ്പ്യൻഷിപ്പ് വിജയമുള്ള ജിമ്മി കോണേഴ്സ് മാത്രമാണ് ഫെഡററെക്കാൾ കൂടുതൽ വിജയം കൈവരിച്ചിട്ടുള്ളത്. എന്നാൽ ഗ്രാൻഡ് സ്ളാം നേട്ടങ്ങളിലും മാസ്റ്റേഴ്സ് ടൂർണമെന്റ് വിജയങ്ങളിലും മറ്റും ഫെഡറർ കോണേഴ്സിനു മുന്നിലാണ്. സിറ്റ്സിപാസിന് മേൽ ഫെഡററുടെ ഇൗ വിജയം ഒരു കണക്കു തീർക്കൽ കൂടിയാണ്. ഇത്തവണത്തെ ഒാസ്ട്രേലിയൻ ഒാപ്പൺ ഡിഫൻഡിംഗ് ചാമ്പ്യനായി കളത്തിൽ നിറഞ്ഞുകളിച്ച റോജറെ നാലാം റൗണ്ടിൽ അട്ടിമറിച്ചത് സിറ്റ്സിപാസായിരുന്നു. അതോടെ പലരും ഫെഡററുടെ കാലംകഴിഞ്ഞു എന്നും ഇനി പുതുതലമുറയെ തടുക്കാനാവില്ല എന്നുമൊക്കെ പ്രവചിച്ചു. ശരിയാണ്. ഒരുകൂട്ടം യുവതാരങ്ങൾ വലിയ വാഗ്ദാനങ്ങളാണെന്നതിൽ സംശയമില്ല. ഫെഡററും നദാലും ജോക്കോവിച്ചും മറ്റും തളർന്നു തുടങ്ങുന്ന പ്രായത്തിലുമെത്തി. അക്കൂട്ടത്തിൽ ഏറ്റവും മുതിർന്നത് ഫെഡറർ തന്നെ. എന്നിരുന്നാലും അവരുടെ ദിനങ്ങളിൽ ചെറുപ്പത്തിന്റെ ചോരത്തിളപ്പുകളെ വരിഞ്ഞുകെട്ടാൻ വേണ്ട ഉൗർജ്ജവും ബാല്യവും ഇനിയും തങ്ങളിലുണ്ടെന്ന് മുതിർന്ന കളിക്കാർ തെളിയിക്കുകയാണ്. ഫെഡറർ അക്കാര്യത്തിൽ ഏറ്റവും മികച്ച മാതൃകയായി ഉയർന്നുനിൽക്കുന്നു.
അതുമാത്രമല്ല, ഏറ്റവും പ്രധാനപ്പെട്ടകാര്യം. ഫെഡററുടെ കേളീ മികവിനൊപ്പം അനനുകരണീയമായ കേളീശൈലിയും അദ്ദേഹത്തെ കായിക പ്രേമികളുടെ ഇഷ്ടകളിക്കാരനാക്കി മാറ്റുന്നു. ടെന്നീസ് കോർട്ടിലെ കവിത എന്നും, സംഗീതശില്പമെന്നും, നൃത്തചാരുതയെന്നുമൊക്കെ ഫെഡററുടെ കളിക്കള ചലനങ്ങളെയും ഷോട്ടുകളെയും വിശേഷിപ്പിക്കുന്നത് വെറുതേയല്ല. ഹൃദയംനിറഞ്ഞ അനുമോദനങ്ങൾ.