നെയ്യാറ്റിൻകര : മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ശ്രീനാരായണ ഗുരു പറഞ്ഞ വചനത്തിന് ആധുനിക കാലത്ത് പ്രാധാന്യമേറി വരുന്നതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠയുടെ 131-ാം വാർഷികത്തോടനുബന്ധിച്ച് അരുവിപ്പുറത്ത് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാനമെന്ന് നാം ഇപ്പോൾ പറയുമ്പോൾ തെളിയുന്ന ചൈതന്യം തന്നെ ഗുരുവാണ്.
ഗുരുദർശനം മനസിനെയാണ് ശുദ്ധീകരിക്കുന്നത്. അതുകൊണ്ടാണ് ആ ദർശനം കാലാതീതമാവുന്നത്. ഗുരുദർശനത്തെയോ അതിന്റെ കാലിക പ്രസക്തിയെയോ തമസ്‌കരിക്കുവാൻ ആർക്കും കഴിയില്ല. അതിനാരെങ്കിലും ശ്രമിച്ചാലും അവരെ പിന്തുണയ്ക്കാൻ ആരുമുണ്ടാവില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.
പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, സാബു കോട്ടുക്കൽ, ഡോ. കായംകുളം യൂനുസ് എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അരുവിപ്പുറം പ്രചാരസഭാ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് നന്ദിയും പറഞ്ഞു.