തിരുവനന്തപുരം: നൂറ് മേനി കൊയ്യുന്ന കൃഷിക്ക് മണ്ണിനെ അറിയുക എന്നൊരു രഹസ്യക്കൂടുണ്ട്. ആ രഹസ്യം കർഷകനിലെത്തിക്കുന്നതാണ് മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് പുറത്തിറക്കിയ 'മണ്ണിനെ അറിയാം മൊബെെലിലൂടെ" (മാം) എന്ന മൊബെെൽ ആപ്ലിക്കേഷൻ. മണ്ണിന്റെ ഘടന, പോഷക ഗുണം, വളപ്രയോഗം എന്നിങ്ങനെയുള്ള സമഗ്ര വിവരങ്ങൾ കർഷകന് ലഭ്യമാക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിലാണ് 'മാം" തയ്യാറാക്കിയത്. തിരുവനന്തപുരം, കൊല്ലം, കാസർകോട്, വയനാട്, തൃശൂർ, കോട്ടയം ജില്ലകളിൽ സേവനം ലഭ്യമാണ്. 31നകം ബാക്കിയുള്ള ജില്ലകളിലും മാമിന്റെ സേവനം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്.
ജിയോ ഇൻഫർമാറ്റിക് ഡിവിഷന്റെ സഹായത്തോടെ എെ.എെ.എെ.ടി.എം - കെ തയ്യാറാക്കിയ മാമിൽ കേന്ദ്ര സോയിൽ ഹെൽത്ത് കാർഡ് സ്‌കീമിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളാണുള്ളത്. പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന മാം തുറക്കുമ്പോൾ തന്നെ കർഷകൻ നിൽക്കുന്ന സ്ഥലത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠി സംബന്ധിച്ച വിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കും. ജി.പി.എസ് സാങ്കേതിക വിദ്യയിലാണ് സ്ഥല നിർണയം. തുടർന്ന് മണ്ണിലെ മൂലകങ്ങളുടെ വിവരങ്ങളും കർഷകന് ലഭിക്കും. കൃഷിക്ക് എത്രമാത്രം അനുയോജ്യമാണെന്ന് തിരിച്ചറിയുന്നതിന് പച്ച, മഞ്ഞ, ചുവപ്പ് എന്നീ കളർകോഡുകളുമുണ്ടാകും. 'വിള ശുപാർശ" എന്ന ബട്ടണിൽ അമർത്തി കൃഷിക്കുള്ള വിളയും സ്ഥലവും രേഖപ്പെടുത്തിയാൽ ഭൂവിസ്‌തൃതിക്കനുസരിച്ച് ജെെവകൃഷിക്കും രാസകൃഷിക്കും അനുയോജ്യമായി കാർഷിക സർവകലാശാല നിർദ്ദേശിച്ച വളങ്ങളുടെ വിവരവും ലഭിക്കും.
രണ്ട് വർഷം കൊണ്ട് കേന്ദ്രസർക്കാരിന്റെ സോയിൽ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളാണ് മാമിലുള്ളത്. മൂന്ന് വർഷം കൂടുമ്പോൾ ആപ്പിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. ജിയോ സ്‌പേഷ്യൽ ഇൻട്രാപൊളേഷൻ സാങ്കേതിക വിദ്യയിലൂടെ വിദേശ രാജ്യങ്ങളിൽ നിന്ന് സ്വന്തം സ്ഥലത്തെ മണ്ണിന്റെ ഘടന മനസിലാക്കാനും വിവരങ്ങൾ ഫോണിൽ സൂക്ഷിക്കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
'പ്രളയാനന്തരമുള്ള മണ്ണിന്റെ ഘടനയിലെ വ്യത്യാസങ്ങളും ഒരു പരിധി വരെ ആപ്പിൽ അപ്ഡേറ്റ് ചെയ്‌തിട്ടുണ്ട്. മണ്ണിന്റെ ഘടനയിൽ എവിടെയെങ്കിലും മാറ്റം വന്നാൽ പെട്ടെന്നുതന്നെ അപ്ഡേറ്റ് ചെയ്യാനാകും. വിവരസാങ്കേതിക വിദ്യയുടെ വളർച്ച കാർഷിക രംഗത്തും പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം".
കെ. സുധീഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ
മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്