നെയ്യാറ്റിൻകര: റോഡ് യാത്രയിലെ ട്രാഫിക് കുരുക്കിൽ പെടാതിരിക്കാൻ ട്രെയിൻ സർവീസുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ട്രെയിൻ യാത്രയും ദുസഹമാകുകയാണ്. കുഴിത്തുറ, പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിൽ നിന്നുമായി രാവിലെ ആയിരക്കണക്കിന് യാത്രക്കാരാണ് ട്രെയിൻ സർവീസുകളെ ആശ്രയിക്കുന്നത്. രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും 6നും 7.45 നും 9.15 നുമായി പുറപ്പെടുന്ന നാഗർകോവിൽ- കൊച്ചുവേളി പാസഞ്ചർ ട്രെയിനുകളിലെ ബോഗികളിൽ യാത്രക്കാരുടെ തിരക്ക് കാരണം കയറിക്കൂടാൻ പോലും കഴിയാത്ത സാഹചര്യമാണ്. നേരത്തെ 9.15ന്റെ പാസഞ്ചറിൽ 15 ബോഗിയുണ്ടായിരുന്നത് ഇപ്പോൾ അത് 10 ആയി വെട്ടിക്കുറച്ചു. ഈ ട്രെയിനുകളിൽ കൂടുതൽ ബോഗി അനുവദിക്കണമെന്ന നാട്ടുകാരുടെ നിവേദനം സതേൺ റെയിൽവേ അധികൃതർക്ക് നൽകി മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ബോഗികൾ വെട്ടിക്കുറച്ചതെന്ന് യാത്രക്കാർ പറയുന്നു. കൂടുതൽ ബോഗികൾ അനുവദിക്കുകയോ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
നേമം കഴിഞ്ഞ് തമ്പാനൂർ സെൻട്രൽ സ്റ്റേഷനിലെത്താൻ മിനിട്ടുകൾ മിച്ചമുള്ളപ്പോൾ പാസഞ്ചർ ട്രെയിനുകൾ നേമത്ത് നിറുത്തിയിടുന്നത് പതിവാണ്. സെൻട്രൽ സ്റ്റേഷനിൽ ആളെയിറക്കിയ ശേഷമുള്ള ട്രെയിനുകൾ മിക്കപ്പോഴും മെയിൻ പാളത്തിൽ നിന്നും മാറ്റിയിടാത്തതാണ് ഈ കുരുക്കിന് കാരണം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന ട്രെയനുകൾ യാത്രക്കാർ ഇറങ്ങിയ ശേഷം രാവിലെയുള്ള പീക്ക് ഔവറുകളിൽ മാറ്റിയിടുവാൻ നേരിടുന്ന കാലതാമസമാണ് നെയ്യാറ്റിൻകരയിൽ നിന്നും വരുന്ന യാത്രക്കാർ വഴിയിൽ കുരുങ്ങുവാൻ കാരണം. തമ്പാനൂർ സെൻട്രൽ സ്റ്റേഷനിൽ ട്രെയിനുകൾ വന്ന് നിറയാതിരിക്കുവാനാണ് നാഗർകോവിലിൽ നിന്നും വരുന്ന കൊച്ചുവേളി വരെ യാത്ര ദീർഘിപ്പിച്ചത്. അതേ പോലെ കൊല്ലം ഭാഗത്തു നിന്നും തമ്പാനൂർ വരെ എത്തുന്ന ട്രെയിനുകൾ നേമം റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ച് നേമം വരെ നീട്ടിയാൽ യാത്രാക്കുരിക്ക് ഒഴിവാക്കാനാകും.
കുഴിത്തറ റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ചപ്പോൾ നെയ്യാറ്റിൻകരയും നേമവും തഴഞ്ഞമട്ടാണ്. ഉദിയിൻകുളങ്ങരയിലും പാറശാലയിലും യാത്രക്കാർ ട്രെയിൻ കാത്തു നിൽക്കുവാൻ പോലും സൗകര്യമില്ല.