തിരുവനന്തപുരം:സർക്കാരറിയാതെ ആര്യങ്കാവ് പ്രിയ എസ്റ്റേറ്റിൽ നിന്ന് കരം സ്വീകരിച്ചത് വിവാദമായതോടെ, ഉത്തരവാദിത്വം ആര്യങ്കാവ് വില്ലേജ് ആഫീസർക്കു മേൽ കെട്ടിവച്ച് തടിതപ്പാൻ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കമെന്ന് ആക്ഷേപം.
കരം സ്വീകരിച്ചതിന് റവന്യു മന്ത്രി കൊല്ലം ജില്ലാ കളക്ടറോട് വിശീദകരണം തേടിയിട്ടുണ്ട്. കളക്ടർ ഇന്ന് മറുപടി നൽകാനിരിക്കെയാണ് വീഴ്ച വരുത്തിയത് വില്ലേജ് ആഫീസറാണെന്ന മട്ടിൽ ഇന്നലെത്തന്നെ അദ്ദേഹത്തെ തലസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുന്ന എ.ഡി.എം ഇന്നലെ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദ റിപ്പോർട്ട് വരാൻ രണ്ടുദിവസമെടുക്കും. അതേസമയം, സംഭവം വിവാദമായതോടെ കരം സ്വീകരിച്ച നടപടി റദ്ദാക്കിയിട്ടുണ്ട്.
നിയമപ്രശ്‌നമില്ലെങ്കിൽ കരം വാങ്ങാനാണ് കളക്ടർ നിർദ്ദേശിച്ചതെന്നും, ഇതു മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ വില്ലേജ് ആഫീസർക്ക് വീഴ്ചയുണ്ടായെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടക്കുകയും സംസ്ഥാന മന്ത്രിസഭ പരിഗണിക്കുകയും ചെയ്ത സംഭവത്തിൽ ഒരു വില്ലേജ് ആഫീസർ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുത്തുവെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ഹാരിസൺ പ്ളാന്റേഷൻസ് ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞതിനാൽ സർക്കാർ ഏറ്റെടുക്കണമെന്ന നിർദ്ദേശത്തിന്റെ നിയമവശം കോടതികളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് പ്രിയ, റിയ എസ്റ്റേറ്റുകാർ ഇൗ ഭൂമിയുടെ ഒരുഭാഗം വാങ്ങിയത്. ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല. ഭൂമിയിൽ കരം സ്വീകരിക്കണമെന്ന പ്രിയ,റിയ എസ്റ്റേറ്റുകളുടെ അപേക്ഷയിൽ കോടതികൾ അനുകൂല വിധിയാണ് നൽകിയതെങ്കിലും കരം സ്വീകരിക്കുന്നതോടെ ഭൂമിയിലെ അവകാശം പൂർണമായി നഷ്ടപ്പെടുമെന്ന ആശങ്കയിൽ സർക്കാർ അത് നടപ്പാക്കിയിട്ടില്ല. ഉപാധികളോടെ കരം വാങ്ങിയാൽ മതിയെന്നാണ് റവന്യു മന്ത്രിയുടെ നിലപാട്.
അതേസമയം, കോടതി വിധിയുള്ളതിനാൽ ഉപാധിയില്ലാതെ തന്നെ കരം വാങ്ങാമെന്നാണ് നിയമവകുപ്പ് ഉപദേശം. കരം വാങ്ങുന്നതിന് അനുകൂല സർക്കാർ തീരുമാനമുണ്ടാക്കാൻ റവന്യു വകുപ്പിലെ ചില ഉന്നതർ വകുപ്പുമന്ത്രി അറിയാതെ വിഷയം മന്ത്രിസഭയിലെത്തിക്കാൻ ശ്രമിച്ചത് അവസാന നിമിഷം മന്ത്രി തടയുകയായിരുന്നു. ഇതിനിടയിലാണ് പ്രിയ എസ്റ്റേറ്റിന്റെ കരം സ്വീകരിച്ച അസാധാരണ നടപടിയുണ്ടായത്.
ഹാരിസൺ എസ്റ്റേറ്റ് തർക്കം
ഹാരിസൺ കേസിൽ 38,000 ഏക്കർ ഭൂമി സർക്കാർ ഏറ്രെടുത്തത് റദ്ദാക്കിയ ഹൈക്കോടതിയും അത് അംഗീകരിച്ച സുപ്രീംകോടതിയും ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഇനിയും അന്തിമമായി നിർണയിച്ചിട്ടില്ല. ഇതിനിടയിലാണ് ഹാരിസണിൽ നിന്ന് റിയ എസ്റ്റേറ്റും പ്രിയ എസ്റ്റേറ്റും സ്വകാര്യ വ്യക്തികൾ വാങ്ങിയത്. ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല. കരവും സ്വീകരിച്ചിട്ടില്ല. ഉടമസ്ഥാവകാശം സിവിൽ കോടതി പരിശോധിക്കുകയോ സർക്കാർ വ്യവസ്ഥാപിത മാർഗത്തിലൂടെ തെളിയിക്കുകയോ ചെയ്യട്ടെ എന്നാണ് 2018 ഏപ്രിൽ 11- ലെ ഹൈക്കോടതി നിർദ്ദേശം.