dam
പ്രതികൾ.

കാട്ടാക്കട: വ്യാജനോട്ടടിച്ച് വിതരണം ചെയ്യുന്ന നാലംഗ സംഘത്തെ നെയ്യാർ‌ഡാം പൊലീസ് അറസ്റ്റ് ചെയ്‌തു. ഒന്നാം പ്രതിയായ കുറ്റിച്ചൽ കള്ളോട് പാറമുകൾ പുത്തൻവീട്ടിൽ ഷാജഹാൻ (27), കള്ളോട് പാറമുകൾ പുത്തൻവീട്ടിൽ അർഷാദ് (27), കോട്ടൂർ സൗദ് മൻസിലിൽ സൗദ് (21), കള്ളോട് പാറമുകൾ പുത്തൻവീട്ടിൽ ഷെറീഫ് (42) എന്നിവരാണ് അറസ്റ്റിലായത്. നെയ്യാർഡാം തുണ്ടുനടയിലെ കടയിൽ നിന്ന് ഷാജഹാൻ 200 രൂപ നോട്ട് നൽകി സിഗരറ്റ് വാങ്ങിയിരുന്നു. നോട്ടിൽ സംശയം തോന്നിയ കടക്കാരനും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ചു. നെയ്യാർഡാം എസ്.ഐ ശ്രീകുമാറും സംഘവും ഇയാളെ അറസ്റ്റ് ചെയ്‌തു. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റ് പ്രതികളെയും വ്യാജനോട്ടടിയെയും കുറിച്ചുള്ള വിവരം ലഭിച്ചത്.

ഷെറീഫിന്റെ വീട്ടിൽ നിന്നാണ് നോട്ടടിക്കാനുപയോഗിച്ച മഷിയും പ്രിന്ററുകളും സുരക്ഷാ നൂൽ തെളിയിക്കുന്ന ഗ്ലിറ്ററിംഗ് പേനയും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തത്. പ്രിന്റ് ചെയ്‌ത നൂറിന്റെയും ഇരുനൂറിന്റെയും പത്ത് നോട്ടുകളും പിടിച്ചെടുത്തു. കോയമ്പത്തൂരിൽ നിന്നാണ് ഇവയെത്തിച്ചത്. ഷാജഹാന്റെ നേതൃത്വത്തിലാണ് വ്യാജനോട്ട് നിർമ്മിച്ച് വിപണിയിലെത്തിച്ചിരുന്നത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ചെറുകിട സ്ഥാപനങ്ങളിലാണ് സംഘം പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്. കടയിൽ നിന്ന് പകുതിയോ അതിനോടടുത്തോ തുകയ്‌ക്കാണ് സാധനം വാങ്ങിയിരുന്നത്. തുടർന്ന് വ്യാജ നോട്ട് നൽകും. അടുത്തിടെ കാട്ടാക്കട ചന്തയിൽ അഞ്ഞൂറിന്റെ കള്ളനോട്ടു മാറാനെത്തിയ സംഘത്തെ കച്ചവടക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയിരുന്നു. ഇതോടെയാണ് വ്യാ‌ജനോട്ടടിയെ കുറിച്ചും വിതരണത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്.