തിരുവനന്തപുരം: കൊല്ലം കടയ്‌ക്കലിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസിൽ പിടിയിലായ ഷാജഹാനും കോൺഗ്രസും തമ്മിൽ ഒരു ബന്ധവുമില്ല. കൊല്ലപ്പെട്ട ബഷീറും ഷാജഹാനും പ്രദേശവാസികളാണ്. ഇവർ തമ്മിൽ മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിന് കാരണമെന്ന് ബഷീറിന്റെ സഹോദരിമാരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം കോടിയേരിയെ പോലൊരു നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത് നിർഭാഗ്യകരമാണ്. പ്ലസ്ടു വിദ്യാർത്ഥിയെ സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ ആളുമാറി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലുണ്ടായ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനാണിതെന്നും ചെന്നിത്തല പറഞ്ഞു.