തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ കുരുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിൽ വിവാദത്തിന് തിരികൊളുത്തി. മേലുദ്യോഗസ്ഥനെ അദ്ദേഹമറിയാതെ, മൂന്ന് കീഴുദ്യോഗസ്ഥർ ചേർന്ന് സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം.

പൊതുഭരണവകുപ്പിലെ അണ്ടർസെക്രട്ടറി ജി.ആർ. രമേശ്, സെക്‌ഷൻ ഓഫീസർ എസ്.എസ്. ദീപു, അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ഐ. കവിത എന്നിവരെയാണ് റവന്യൂ, തദ്ദേശഭരണ വകുപ്പുകളിലേക്ക് മാറ്റാൻ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിട്ടത്. സ്ഥലംമാറ്റങ്ങൾ മുഖ്യഭരണകക്ഷി നിയന്ത്രിക്കുന്ന സെക്രട്ടേറിയറ്റിൽ ഇത് അസാധാരണമാണ്. ദീപു അസോസിയേഷൻ സെക്രട്ടറിയും രമേശ് ഫ്രാക്‌ഷൻ അംഗവും കവിത വനിതാവിഭാഗം ഭാരവാഹിയുമാണ്.

മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും ഇടപെടലോടെ നടത്തിയ സ്ഥലംമാറ്റമാണെന്നാണറിയുന്നത്. എന്നാൽ, സെക്രട്ടേറിയറ്റ് ഹൗസിംഗ് സൊസൈറ്റിയിലെ ക്രമക്കേടിൽ കോൺഗ്രസ് സംഘടനാ നേതാക്കൾക്കെതിരായ നടപടി താക്കീതിലൊതുക്കിയുള്ള ഉത്തരവിറക്കാത്തതിന് പൊതുഭരണ സെക്രട്ടറി പ്രതികാര നടപടിയെടുത്തതാണെന്ന് സംഘടനാനേതാക്കൾ ആരോപിക്കുന്നു. സംഘടനയിലെ ചേരികളുടെ നിഴൽയുദ്ധമാണ് വിവാദം കൊഴുപ്പിക്കുന്നത്.

സി.പി.എം സംഘടനയിലെ പ്രമുഖനായ പൊതുഭരണ വകുപ്പ് സ്പെഷ്യൽ ജോയിന്റ് സെക്രട്ടറിക്കെതിരായ കീഴുദ്യോഗസ്ഥരുടെ നീക്കങ്ങളാണ് വിവാദമായത്. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണസംഘത്തിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ഈ ഉദ്യോഗസ്ഥനെ പൊതുഭരണവകുപ്പിലെ ഒഴിവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നിയോഗിച്ചത്.

ഇദ്ദേഹത്തെ നീക്കാനായി, മൂന്ന് മാസം മുമ്പ് വകുപ്പ് സമർപ്പിച്ച കൂട്ടസ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇദ്ദേഹം അന്ന് അവധിയിലായിരുന്നു. പട്ടികയിലെ തിരിമറി മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചറിഞ്ഞ് തടയിട്ടെന്നാണറിയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഇത് കടുത്ത നീരസമുണ്ടാക്കിയിരുന്നു.

സംഘടനാതലപ്പത്തെ മൂന്ന് പേർക്കെതിരെ ചരടുവലിച്ചതിന് സ്പെഷ്യൽ ജോയിന്റ് സെക്രട്ടറിക്കെതിരെ സംഘടനാ നടപടിക്ക് നേതൃത്വവും ആലോചിക്കുന്നു എന്നാണറിയുന്നത്.

പൊതുഭരണ വകുപ്പിൽ കാര്യക്ഷമമായി പ്രവ‌ർത്തിച്ചിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ മുഖ്യമന്ത്രിക്കും വിശ്വസ്തനായിരുന്നു. പരാതികളെ തുടർന്ന് അദ്ദേഹത്തെ നീക്കിയത് ശിക്ഷയായി വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് സിൻഹയെ വീണ്ടും പൊതുഭരണവകുപ്പിൽ എത്തിച്ചത്.