തിരുവനന്തപുരം: കിലോയ്ക്ക് വെറും 85 രൂപയ്ക്ക് ചിക്കൻ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ 'കേരള ചിക്കൻ' പദ്ധതിക്ക് ഓണക്കാലമായ സെപ്തംബറിൽ തുടക്കമാകും. ഉത്‌പാദനം മുതൽ വിപണനം വരെ കോർത്തിണക്കിയുള്ള കേരള ചിക്കൻ പ്രൊഡ്യൂസർ കമ്പനിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ട് കഴിഞ്ഞു. മറ്റ് എല്ലാ ജില്ലകളിലും കമ്പനിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും.
ആഴ്ചയിൽ ഒരുലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ബ്രീഡർഫാമുകൾ, ഒരു ജില്ലയിൽ കുറഞ്ഞത് ഒന്നുവീതം എന്ന നിരക്കിൽ ജില്ലാതല ഹാച്ചറികൾ, സംസ്ഥാനവ്യാപകമായി 1000 ഇറച്ചിക്കോഴി വീതമുള്ള 1000 ഫാമുകൾ, 50 ടൺ ഉത്പാദനശേഷിയുള്ള മാംസ സംസ്‌കരണശാല, ഇറച്ചി വിൽക്കുന്നതിനുള്ള കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബ്രീഡർഫാമുകൾ ആരംഭിക്കുക. അതത് കുടുംബശ്രീ സി.ഡി.എസുകൾക്കാണ് നടത്തിപ്പുചുമതല.
നിലവിൽ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ 549 ചിക്കൻഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. പുതുതായി 935 എണ്ണംകൂടി രജിസ്റ്റർ ചെയ്തു. ഇതിലൂടെ ആദ്യഘട്ടത്തിൽ പ്രതിദിനം 25,000 കിലോഗ്രാം ചിക്കൻവില്പന നടത്താനാകും.
വരുമാനം വരുന്നത്
1450 സ്ത്രീകൾക്ക് നേരിട്ട് ജോലി
25,000 കോഴികളെ നേരിട്ട് വിൽക്കുമ്പോൾ 15 കോടിയുടെ വാർഷിക വിറ്റുവരവ് ഉണ്ടാകും.
ലക്ഷ്യം
സംസ്ഥാനത്തെ കോഴിക്കർഷകരെയും ഉപഭോക്താക്കളെയും ഇതരസംസ്ഥാനങ്ങളിലെ വൻ ലോബികൾ ചൂഷണം ചെയ്യുന്നത് തടയുകയാണ് 'കേരള ചിക്കന്റെ" ലക്ഷ്യം. സീസണിൽ വില വർദ്ധിപ്പിക്കുകയും, സംസ്ഥാനത്തെ കർഷകരുടെ ഉത്പന്നം വിപണിയിലെത്തുമ്പോൾ ഇറച്ചിവില കുറയ്ക്കുന്നതുമാണ് ഇത്തരക്കാരുടെ തന്ത്രം. 'കേരള ചിക്കന്റെ" വരവോടെ ഇതൊഴിവാകും.