roger-federer-100-titles
roger federer 100 titles

ദുബായ് : ലോക ടെന്നിസിന്റെ നെറുകയിൽ 100 വാട്ട് പുഞ്ചിരിയുമായി നിറഞ്ഞുനിൽക്കുകയാണ് റോജർ ഫെഡറർ. കഴിഞ്ഞ രാത്രി ദുബായ് ഡ്യൂട്ടി ഫ്രീ ഒാപ്പണിലെ ജേതാവിനുള്ള കിരീടമേറ്റുവാങ്ങുമ്പോൾ ഫെഡറർ ചരിത്രത്തിന്റെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയായിരുന്നു. പ്രൊഫഷണൽ ടെന്നിസിൽ ജിമ്മി കോണേഴ്സിന് ശേഷം 100 കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കാഡ്.

ദുബായ‌്‌യിലെ ഫൈനൽ പോരാട്ടത്തിൽ 37 കാരനായ ഫെഡറർ കീഴടക്കിയത് 20 കാരനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിവാസിനെയാണ്. ഇൗ വിജയത്തിന് മറ്റൊരു ചാരുത കൂടിയുണ്ട്. കഴിഞ്ഞ ആസ്ട്രേലിയൻ ഒാപ്പണിന്റെ പ്രീക്വാർട്ടർ ഫൈനലിൽ ഫെഡററുടെ പടയോട്ടത്തിന് കടിഞ്ഞാണിട്ടത് സ്റ്റെഫാനോസായിരുന്നു. അതിനുള്ള മധുര പ്രതികാരം നൂറാം കിരീട നേട്ടത്തിലൂടെ ഫെഡററർ ചെയ്തുതീർത്തിരിക്കുന്നു. 6-4, 6-4 എന്ന സ്കോറിനായിരുന്നു 69 മിനിട്ടുകൊണ്ട് ഫെഡററുടെ വിജയം.

കഴിഞ്ഞ ഒക്ടോബറിൽ ജന്മനാടായ സ്വിറ്റ്സർലൻഡിലെ ബാസലിലായിരുന്നു ഫെഡററുടെ 99-ാം കിരീട നേട്ടം. അതിനുശേഷം ഫെഡറർ ഒരു ഫൈനലിൽ കളിക്കുന്നത് ദുബായിലാണ്.

വിരാമമില്ലാത്ത ചോദ്യങ്ങൾ

കരിയറിലെ വലിയൊരു നേട്ടം കരസ്ഥമാക്കിയതിന്പിന്നാലെ ഫെഡററുടെ ആരാധകരുടെ ചോദ്യങ്ങളും ഉയരുകയായി. ഇതോടെ ഫെഡറർ വിരമിക്കൽ പ്രഖ്യാപിക്കുമോ?​

എന്നാൽ ദുബായ് കിരീടനേട്ടത്തിന് ശേഷവും ഇതിനെക്കുറിച്ച് വ്യക്തമായ ഒരു മറുപടി നൽകാൻ ഫെഡറർ തയ്യാറായിട്ടില്ല. തനിക്ക് എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്ന് നോക്കട്ടെ. അതിനുശേഷം നോക്കാമെന്നാണ് ഫെഡറർ പറഞ്ഞത്.

കുറച്ചുനാൾമുമ്പ് വിരമിക്കാൻ നല്ല ടൂർണമെന്റ് വിംബിൾഡണാണെന്ന് ഫെഡറർ പറഞ്ഞിരുന്നു. അതിനാൽ ഇൗ വിംബിൾഡണിനുശേഷം ഫെഡറർ വിരമിക്കുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. വിരമിക്കുന്നതിന് മുമ്പുള്ള അവസരം എന്നനിലയാകാം, രണ്ടുവർഷമായി വിട്ടുനിന്നിരുന്ന ഫ്രഞ്ച് ഒാപ്പണിൽ അദ്ദേഹം മത്സരിക്കുന്നുണ്ട്.

ഇതെന്റെയൊരു സ്വപ്നസാക്ഷാത്കാരമാണ്. ഞാൻ ആദ്യ കിരീടം നേടുമ്പോൾ സ്റ്റെഫാനോസ് ജനിച്ചിട്ടുണ്ടോ എന്ന് എനിക്കുറപ്പില്ല. എന്റെ കരിയറിന്റെ തുടക്കത്തിൽ ആരാധ്യപുരുഷൻമാരായ ആന്ദ്രേ അഗാസിക്കും പീറ്റ് സാംപ്രസിനുമൊക്കെ എതിരെ കളിക്കാൻ കഴിഞ്ഞു. ഇപ്പോൾ സ്റ്റെഫാനോസിനെപ്പോലുള്ള ഭാവിയിലെ ചാമ്പ്യൻമാരുമായി മത്സരിക്കാനാകുന്നു. ഇനി ഞാൻ ടിവിയിൽ ഇവരുടെയൊക്കെ കളികൾ കാണും. ഞാൻ വിരമിച്ചാലും ടെന്നിസ് സുന്ദരവും സുരഭിലവുമായിത്തന്നെ നിലകൊള്ളും.

റോജർ ഫെഡറർ.