വർക്കല: പാരിപ്പളളി കൊടിമൂട്ടിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നാല് നിർദ്ധനയുവതികൾക്ക് മംഗല്യമായി. ചടങ്ങ് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.
കിഴക്കേപ്പുറം പാണിൽ വീട്ടിൽ ശ്യാമിലി-അയിരൂർ എസ്.എസ് ഭവനിൽ സുജിത്ത്, വർക്കല പാറവിള പുത്തൻവീട്ടിൽ ജീവാരാജ്-പാളയംകുന്ന് കൊച്ചുപൊയ്കവീട്ടിൽ അച്ചു, കരിങ്ങന്നൂർ കാർത്തിക വിലാസത്തിൽ കാർത്തിക-നെടുമ്പന കുഴിയത്ത് വീട്ടിൽ രവി, പരവൂർ ചെട്ടിക്കുന്ന് വിള വീട്ടിൽ മഞ്ജു-ചിറ്റൂർ ഇരുകുളത്ത് നാഗരാജ് എന്നിവരാണ് ദേവീ സന്നിധിയിൽ ഇന്നലെ വരണമാല്യം ചാർത്തിയത്. ക്ഷേത്രട്രസ്റ്റിന് ലഭിച്ച അപേക്ഷകളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സനീഷ് എം സ്വാഗതം പറഞ്ഞു.സംവിധായകൻ ബാലുകിരിയത്ത്, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി, വാർഡംഗം അഡ്വ. സിമ്മിലാൽ, വിനോദ്, ഉത്സവ കമ്മിറ്റി ജന. കൺവീനർമാരായ ദർശൻ.ജി, രാധാകൃഷ്ണൻ, പീപ്പിൾ ഫോറം ഒാഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ഷാജി പങ്കജ്, രാജൻകുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
പാരിപ്പള്ളിയിലെ ആട്ടോ തൊഴിലാളികൾ സമാഹരിച്ച തുകയായ നാലായിരത്തി ഒന്ന് രൂപ വീതം ഒാരോ ദമ്പതികൾക്കും ട്രസ്റ്റ് പ്രസിഡന്റ് കെ. ഗോപിനാഥൻ വിതരണം ചെയ്തു. മൂന്ന് ജോഡി വധൂവരന്മാരുടെ വിവാഹചെലവ് ഡോ. ഷാജിപങ്കജും ഒരു ജോഡിയുടെ ചിലവ് പാരിപ്പള്ളി വ്യാപാരിവ്യവസായി ഏകോപനസമിതിയുമാണ് വഹിച്ചത്. തുടർന്ന് വിഭവസമൃദ്ധമായ വിവാഹ സദ്യയും നടന്നു. വൈകിട്ട് പടുക്കസമർപ്പണവും നൃത്തസംഗമവും നടന്നു. രാത്രി 9ന് എഴുത്തച്ചൻ നാടകം അരങ്ങേറി. ഇന്ന് രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് തിരുവാതിരയും തുടർന്ന് പടുക്കസമർപ്പണവും. തുടർന്ന് നൃത്തസന്ധ്യ, ദേവിക്ക് പുഷ്പാഭിഷേകം, നൃത്തനിശ. ശിവരാത്രിയോടനുബന്ധിച്ച് രാത്രി ഭക്തി ഗാനസുധയും തുടർന്ന് പഞ്ചാക്ഷരീ നാമജപവും.