തിരുവനന്തപുരം: ഗൾഫിൽ അന്തരിക്കുന്ന മലയാളികളുടെ ഭൗതിക ശരീരം നോർക്ക മുഖാന്തരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് 2019-2020 ബഡ്ജറ്റിൽ അവതരിപ്പിച്ച പദ്ധതിയെക്കുറിച്ച് ചില കേന്ദ്രങ്ങളിൽ നിന്നുള്ള പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു.
പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. 2019-20 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിൽ മുതലേ പ്രാബല്യത്തിൽ വരികയുള്ളൂ. ഇപ്പോൾ ഈ പദ്ധതിയുടെ വിവരങ്ങൾ നോർക്കയുടെ കോൾസെന്ററിൽ ലഭ്യമല്ല.
നിലവിൽ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളുടെ ഭൗതിക ശരീരം അവരുടെ നാട്ടിലേക്കും അസുഖബാധിതരായെത്തുന്ന പ്രവാസികളെ സൗജന്യമായി ആശുപത്രിയിലേക്കോ നാട്ടിലേക്കോ എത്തിക്കുന്ന നോർക്ക റൂട്ട്‌സിന്റെ നോർക്ക എമർജൻസി ആംബുലൻസ് സർവീസ് പദ്ധതിയെക്കുറിച്ചും, ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് ധനസഹായം നൽകുന്ന 'കാരുണ്യം' പദ്ധതിയെക്കുറിച്ചുമുള്ള വിവരങ്ങൾ മാത്രമേ നോർക്കയുടെ കോൾസെന്ററിൽ നിന്ന് ലഭ്യമാകുകയുള്ളൂ.