തിരുവനന്തപുരം: ജാഥകൾ കഴിഞ്ഞു, ഇനി ജയത്തിൽ കുറഞ്ഞതൊന്നും കണക്കിലില്ലാത്ത പോർക്കളത്തിലേക്ക്. എൽ.ഡി.എഫിന്റെ കേരള സംരക്ഷണ യാത്രയും യു.ഡി.എഫിന്റെ ജന മഹായാത്രയും സമാപിച്ചതോടെ ഇരുമുന്നണികളും, വിശ്വാസവോട്ടിന്റെ അനുഗ്രഹം പ്രതീക്ഷിക്കുന്ന എൻ.ഡി.എയും നേതൃയോഗങ്ങളുടെയും സീറ്റ് വിഭജനത്തിന്റെയും തിരക്കിലായി.
സീറ്റ് വിഭജന ചർച്ച മൂന്നു മുന്നണിയിലും ലാസ്റ്റ് റൗണ്ടിലാണ്. ഇടതുമുന്നണിയിൽ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ നാളെ മുതൽ വെള്ളിയാഴ്ച വരെ തലസ്ഥാനത്ത് ചേരും. യോഗങ്ങളുടെ ഇടവേളകളിൽത്തന്നെ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളും പൂർത്തിയാക്കിയേക്കും.
കഴിഞ്ഞ തവണ കോട്ടയം സീറ്റ് ലഭിച്ച ജനതാദൾ- എസിന് ഇത്തവണ ടിക്കറ്റിനു സാദ്ധ്യത കുറവെന്നാണ് സൂചന. പത്തനംതിട്ട അവസാന നിമിഷം ജനാധിപത്യ കേരള കോൺഗ്രസിലെ കെ. ഫ്രാൻസിസ് ജോർജിന് നൽകുമോയെന്നും കണ്ടറിയണം. സി.പി.എം സംസ്ഥാന കമ്മിറ്റി അവസാനിക്കുന്ന വെള്ളിയാഴ്ച എൽ.ഡി.എഫ് യോഗം നിശ്ചയിച്ചിട്ടുണ്ട്. അതിനു മുമ്പേ സി.പി.ഐ സ്ഥാനാർത്ഥിപ്പട്ടിക പൂർത്തിയാവുമെന്നിരിക്കെ, ഇടതു സ്ഥാനാർത്ഥിപ്പട്ടിക അന്നു പ്രഖ്യാപിക്കാനും മതി. സി.പി.എമ്മും സി.പി.ഐയുമല്ലാതെ മുന്നണിയിൽ മറ്റാരും ഇക്കുറി മത്സരരംഗത്തുണ്ടാവില്ലെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.
സി.പി.ഐ സംസ്ഥാന കൗൺസിൽ ഇന്നു ചേർന്ന് ജില്ലകളിൽ നിന്നുള്ള സാദ്ധ്യതാപാനൽ ചർച്ച ചെയ്യും. പട്ടികകളിൽ ഭേദഗതി ആവശ്യമെങ്കിൽ, അതുകൂടി വരുത്തിയാവും ദേശീയ നേതൃത്വത്തിനു കൈമാറുക. നാളെ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലായി സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ്, കൗൺസിൽ യോഗങ്ങൾ ചേർന്നാകും അന്തിമ തീരുമാനം.
കേരള കോൺഗ്രസിലെ തർക്കം കാരണം യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ച നീളുകയാണ്. ലീഗുമായും അന്തിമധാരണയായില്ല. നാളെ അവസാനവട്ട ചർച്ച നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിനു മുമ്പേ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിലേക്ക് കോൺഗ്രസ് നീങ്ങുകയാണ്. വിവിധ ഡി.സി.സികളിൽ നിന്നുള്ള സാദ്ധ്യതാ പാനലുകളിന്മേൽ പാർട്ടി തിരഞ്ഞെടുപ്പു സമിതി ചർച്ച നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും അഖിലേന്ത്യാ തിരഞ്ഞെടുപ്പ് സ്ക്രീനിംഗ് സമിതി അദ്ധ്യക്ഷനുമായ മുകുൾ വാസ്നികിന്റെ സാന്നിദ്ധ്യത്തിലാണ് ഇന്നത്തെ യോഗം. സീറ്റ്മോഹികളുടെ തിരക്കുള്ള വയനാട്ടിലേക്ക് പട്ടിക വേണ്ടെന്ന് ഡി.സി.സിയോട് നിർദ്ദേശിച്ചു. സിറ്റിംഗ് സീറ്റുകളിലേക്ക് നിലവിലെ എം.പിമാരെ മാത്രം ഉൾപ്പെടുത്താൻ നിർദ്ദേശിച്ചെങ്കിലും പത്തനംതിട്ടയിൽ സിറ്റിംഗ് എം.പി ആന്റോ ആന്റണിയെ ഒഴിവാക്കി, കെ. ശിവദാസൻനായർ, പി. മോഹൻരാജ്, ബാബു ജോർജ് എന്നീ പേരുകളാണ് അവർ നിർദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമിതി ചർച്ചയ്‌ക്കു ശേഷം അഖിലേന്ത്യാ സ്ക്രീനിംഗ് കമ്മിറ്റിയാവും അന്തിമ പട്ടിക അംഗീകരിക്കുക.
ബി.ജെ.പിയിൽ സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയ്‌ക്കായി പേരുകൾ ആരായാൻ മേഖലകൾ തിരിച്ച് സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, ഒ.രാജഗോപാൽ എന്നിവരെ ചുമതലപ്പെടുത്തി. തെക്കൻ മണ്ഡലങ്ങളിൽ സി.കെ.പത്മനാഭനും മദ്ധ്യകേരളത്തിൽ കൃഷ്ണദാസും വടക്ക് രാജഗോപാലിനുമാണ് ചുമതല. ഇവർ രണ്ടുദിവസത്തിനകം സമർപ്പിക്കുന്ന പാനലുകൾ പരിശോധിച്ചാകും അടുത്ത ആഴ്‌ചയോടെ അന്തിമ പ്രഖ്യാപനം.