തിരുവനന്തപുരം: വിവിധ ജില്ലാ കൗൺസിലുകൾ സമർപ്പിച്ച സ്ഥാനാർത്ഥി സാദ്ധ്യതാ പാനലുകളിന്മേൽ ഇന്നു ചേരുന്ന സി.പി.ഐ നിർവാഹക സമിതിയും, സംസ്ഥാന കൗൺസിലും ചർച്ച നടത്തും. രാവിലെ 9-നാണ് നിർവാഹക സമിതി, സംസ്ഥാന കൗൺസിൽ 11-നും.
ഇന്നലെ സംസ്ഥാന എക്സിക്യുട്ടീവ് ചേർന്നെങ്കിലും സാദ്ധ്യതാ പാനലുകൾ ചർച്ചയ്ക്കെടുത്തില്ല. ഇന്ന് കൗൺസിൽ ചേരുന്നതിനാൽ അതിനു മുമ്പേ ഊഹാപോഹങ്ങൾ വാർത്തയാകേണ്ടെന്നു കരുതിയാണ് ചർച്ച ഇന്നത്തേക്കു മാറ്റിയതെന്ന് സി.പി.ഐ കേന്ദ്രങ്ങൾ പറഞ്ഞു.
ഇടതു മുന്നണി മേഖലാ ജാഥകൾ വിജയമായെന്ന് സംസ്ഥാന എക്‌സിക്യുട്ടീവ് വിലയിരുത്തി. ജാഥ പുരോഗമിക്കവേ ഉണ്ടായ പെരിയ ഇരട്ടക്കൊലപാതകം ചർച്ച വഴിതിരിക്കാൻ ഇടവരുത്തിയെങ്കിലും കൊലപാതകത്തെ സി.പി.എം ശക്തമായി തള്ളിപ്പറഞ്ഞതോടെ കൊലപാതക രാഷ്ട്രീയത്തിന് മുന്നണി എതിരാണെന്ന സന്ദേശം ഇടത് അണികൾക്കു കൈമാറാനായെന്നാണ് വിലയിരുത്തൽ.