നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീർത്ഥാടന തിരുനാളിന് ഭക്തിനിർഭരമായ സമാപനം. ചപ്രപ്രദക്ഷിണത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും പങ്കെടുക്കാൻ ആയിരങ്ങൾ എത്തിച്ചേർന്നു. പൊന്തിഫിക്കൽ ദിവ്യബലിക്ക് ശേഷം 2 മണിക്കൂറോളം തീർത്ഥാടകരുടെ തിരക്കുകാരണം കമുകിൻകോട് - നെയ്യാറ്റിൻകര റോഡിൽ ഗതാഗതം സ്‌തംഭിച്ചു. 13 ദിവസങ്ങളിലായി നടന്ന തീർത്ഥാടനം ഇന്നലെ വൈകിട്ട് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ ജി. ക്രിസ്‌തുദാസ് അർപ്പിച്ച സമൂഹദിവ്യബലിയോടെയാണ് സമാപിച്ചത്. ഇന്നലെ രാവിലെ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച ചപ്രപ്രദക്ഷിണം ഇന്നലെ പുലർച്ചെ ദേവാലയത്തിൽ എത്തിച്ചേർന്നു. വൈകിട്ട് 5ന് വലിയപള്ളിയിൽ നിന്ന് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം തിരികെ കൊച്ചുപള്ളിയിലേക്ക് പ്രദക്ഷിണമായി കൊണ്ടുപോയി. തീർത്ഥാടനത്തിന്റെ കൃതജ്ഞതാ ദിവ്യബലി നാളെ വൈകിട്ട് കൊച്ചുപള്ളിയിൽ പുതിയതുറ ഇടവക വികാരി ഫാ. രാജശേഖരന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.