1-0
മാഡ്രിഡ് : ക്രിസ്റ്റ്യാനോ റൊണാൾഡോയും സിനദിൻ സിദാനുമൊക്കെ കൂടൊഴിഞ്ഞുപോയ റയൽ മാഡ്രിഡ് ഇപ്പോളൊരു ചീട്ടുകൊട്ടാരമാണെന്ന് ഒരിക്കൽകൂടി ലോകത്തിന് മുന്നിൽ തുറന്നുകാട്ടി ബാഴ്സലോണയുടെ തുടർച്ചയായ രണ്ടാം എൽക്ളാസിക്കോ ജയം.
കഴിഞ്ഞരാത്രി നടന്ന സ്പാനിഷ് ലാലിഗയിലെ എൽ ക്ളാസിക്കോയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണയുടെ ജയം. 26-ാം മിനിട്ടിൽ ഇവാൻ റാക്കിറ്റിച്ചാണ് ബാഴ്സയുടെ ഗോൾ നേടിയത്. മൂന്നുദിവസം മുമ്പ് നടന്ന സ്പാനിഷ് കിംഗ്സ് കപ്പ് രണ്ടാംപാദസെമി ഫൈനലിൽ ബാഴ്സലോണ 3-0 ത്തിന് റയൽ മാഡ്രിഡിനെ തകർത്തിരുന്നു. ഇൗ രണ്ടുവിജയങ്ങളും റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർബ്യൂവിലാണ് നേടിയതെന്നത് മെസിയുടെയും കൂട്ടരുടെയും ആഹ്ളാദം വർദ്ധിപ്പിക്കുന്നു.
കിംഗ്സ് കപ്പിലെ പരാജയത്തിന്റെ ക്ഷീണം മറക്കാനിറങ്ങിയ റയലിനെ ഒരിക്കൽകൂടി നാണക്കേടിലേക്ക് തള്ളിവിടുകയായിരുന്നു ബാഴ്സലോണ. കഴിഞ്ഞദിവസം പന്തടക്കത്തിലും ഷോട്ടുകളിലും മുന്നിൽ നിന്നത് റയലായിരുന്നുവെങ്കിലും ജയിച്ചത് ബാഴ്സയായിരുന്നു. ഇന്നലെ ബാഴ്സലോണയുടെ പ്രകടനം താരതമ്യേന മെച്ചപ്പെട്ടെങ്കിലും ഗോളുകളുടെ എണ്ണവും കുറയുകയാണുണ്ടായത്. ഇൗ രണ്ട് മത്സരങ്ങളിലും ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസിക്ക് ഗോളടിക്കാനായില്ല.
ഗോൾ ഇങ്ങനെ
26-ാം മിനിട്ട്
ഇവാൻ റാക്കിറ്റിച്ച്
അപ്രതീക്ഷിതമായ ഒരു നീക്കത്തിൽ നിന്നാണ് ബാഴ്സലോണയുടെ ഗോൾ പിറന്നത്. റാക്കിറ്റിച്ചും സെർജി റോബർട്ടോയും ചേർന്ന് പന്ത് കൈമാറി. റയൽ പ്രതിരോധം തകർത്തുമുന്നേറി. വലതുവിംഗിലൂടെ ബോക്സിന് അകത്തേക്ക് കയറിയ ശേഷം ഗോളി കുർട്ടോയിസിന്റെ തലയ്ക്ക് മുകളിലൂടെ വലയിലാക്കുകയായിരുന്നു റാക്കിറ്റിച്ച്.
ക്യാപ്ടൻമാരുടെ കൊമ്പുകോർക്കൽ
ആദ്യപകുതിക്ക് വിസിൽ മുഴങ്ങവെ റയൽ ക്യാപ്ടൻ സെർജി റാമോസും ബാഴ്സലോണ ക്യാപ്ടൻ ലയണൽ മെസിയും കൊമ്പുകോർത്തത് മത്സരത്തെ സമ്മർദ്ദത്തിലാക്കി. സെർജി റാമോസ് തന്നെ വലിച്ച് താഴെയിട്ടതാണ് മെസിയെ പ്രകോപിപ്പിച്ചത്. മെസി ചാടിയെണീറ്റ് റാമോസുമായി തല തമ്മിൽ മുട്ടിച്ച് പോർവിളി മുഴക്കിയപ്പോൾ റഫറിക്ക് ഇടപെടേണ്ടിവന്നു.
കഴിഞ്ഞ 3 എൽ ക്ളാസിക്കോകൾ
ബാഴ്സലോണ 1-റയൽ 1
ബാഴ്സലോണ 3-റയൽ 0
ബാഴ്സലോണ 1-റയൽ 0
275
മത്തെ എൽ ക്ളാസിക്കോ മത്സരമായിരുന്നു ഇത്
115
-ാം ബാഴ്സലോണ ജയം
99
തവണ മാത്രമാണ് റയൽ മാഡ്രിഡ് ജയിച്ചത്.
61
കളികൾ സമനിലയിലായി.