തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കിഷ്ടം കൈത്തറിയിൽ നെയ്ത യൂണിഫോം. കണ്ണൂരിലെ നാഷണൽ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി നടത്തിയ പഠനത്തിലാണ് സ്കൂൾ കുട്ടികൾ യൂണിഫോം തുണിയോടുള്ള തങ്ങളുടെ ഇഷ്ടം തുറന്നുപറഞ്ഞത്. രക്ഷിതാക്കളും ഈ പക്ഷക്കാർതന്നെ.
കേരള കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി കേരളത്തിന്റെ സാമൂഹ്യ -സാമ്പത്തിക- തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് അറിയാനാണ് സർക്കാർ, നാഷണൽ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയെ പഠന ദൗത്യം ഏൽപ്പിച്ചത് . കേരളത്തിൽ വിവിധയിടങ്ങളിലെ നെയ്ത്തുകാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു പഠനം.
കേരളത്തിലെ കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതിയ്ക്ക് കഴിഞ്ഞു എന്നാണ് പഠനത്തിൽ ലഭിച്ച പൊതു നിഗമനം. എത് കാലാവസ്ഥയിലും ധരിക്കാനുള്ള സുഖം, നിറം മങ്ങില്ല, മൃദുലം, വിയർപ്പ് വലിച്ചെടുക്കാനുള്ള കഴിവ്, ഇഴഗുണം എന്നിവ കൈത്തറി തുണികളുടെ മേന്മകളായി പഠനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കൈത്തറി മേഖലയെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നുമുതൽ ഏഴാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി രണ്ട് ജോഡി കൈത്തറി സ്കൂൾ യൂണിഫോം നൽകുന്ന സർക്കാറിന്റെ പദ്ധതിയാണിത്.
വ്യവസായ, വാണിജ്യ ഡയറക്ടറേറ്ര്, കൈത്തറി വസ്ത്ര ഡയറക്ടറേറ്ര് എന്നിവയുടെ കീഴിലുള്ള നെയ്ത്ത് സഹകരണ സംഘങ്ങളിലെ തൊഴിലാളികളാണ് കുട്ടികൾക്കാവശ്യമായ യൂണിഫോം കഴിഞ്ഞ രണ്ട് വർഷങ്ങളായി നെയ്യുന്നത്. ഹാൻടെക്സ്, ഹാന്റ്ലൂം എന്നിവയും സഹകരിക്കുന്നു.
പഠനം: നെയ്ത്തുകാരുടെ അഭിപ്രായം
വരുമാനത്തിൽ വർദ്ധന.. 96 ശതമാനം പേർ
ജീവിത നിലവാരം മെച്ചപ്പെടുത്തി.. 90 ശതമാനം
സമ്പാദ്യശീലം മെച്ചപ്പെട്ടു.. 80 ശതമാനം
കുട്ടികളുടെ അഭിപ്രായം
പരിപൂർണ്ണ സംതൃപ്തി.... 98 ശതമാനം
വസ്ത്രം അലക്കുമ്പോൾ ചുരുങ്ങാറില്ല... 80 ശതമാനം
എല്ലാ കാലാവസ്ഥയിലും അനുയോജ്യം... 78 ശതമാനം