കാട്ടാക്കട: നോട്ടുകളുടെ കളർ ഫോട്ടോസ്റ്റാറ്രെടുത്ത് കറൻസിയെന്ന വ്യാജേന നാട്ടുകാരെ പറ്റിച്ച് വിലസിയ നാലംഗ സംഘത്തെ കുടുക്കിയത് പെട്ടിക്കടക്കാരി. കേസിൽ ആദ്യം പൊലീസ് പിടിയിലായ കുറ്റിച്ചൽ കള്ളോട് പാറമുകൾ പുത്തൻവീട്ടിൽ ഷാജഹാൻ(27) സിഗരറ്റ് വാങ്ങിയശേഷം നൽകിയ ഇരുന്നൂറ് രൂപയുടെ കറൻസിപേപ്പറിൽ തോന്നിയ വ്യത്യാസമാണ് നെയ്യാർഡാം തുണ്ടുനടയിലെ പെട്ടിക്കടവ്യാപാരിയായ ആനന്ദ വിഹാറിൽ രഘുവിന്റെ ഭാര്യ വിമലകുമാരിയ്ക്ക് (60) സംശയത്തിനിടയാക്കിയത്.
നോട്ടിൽ വിമലകുമാരി സംശയം പ്രകടിപ്പിച്ചെങ്കിലും നല്ല നോട്ടാണെന്നും എ.ടി.എമ്മിൽ നിന്നെടുത്തതാണെന്നും പറഞ്ഞ് ബാക്കി വാങ്ങി തടിതപ്പാൻ ഷാജഹാൻ ശ്രമിച്ചെങ്കിലും കടയ്ക്ക് സമീപമുണ്ടായിരുന്നവർക്ക് വിമലകുമാരി നോട്ട് കൈമാറി. അവരും നോട്ടിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. ഇതോടെ പരിഭ്രമത്തിലായ ഷാജഹാൻ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വിട്ടില്ല . ഷാജഹാനെ അവർ തടഞ്ഞ് വച്ച് പൊലീസിന് കൈമാറി. പൊലീസെത്തി ഷാജഹാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തായ കള്ളോട് പാറമുകൾ പുത്തൻവീട്ടിൽ ഷെറീഫിന്റെ (42) വീട്ടിൽ തയ്യാറാക്കുന്ന വ്യാജ കറൻസിയാണ് ഇതെന്ന് വ്യക്തമായത്.
ഷെറീഫിന്റെ വീട്ടിൽ നിന്നാണ് നോട്ടടിക്കാനുപയോഗിച്ച മഷിയും പ്രിന്ററുകളും സുരക്ഷാ നൂൽ തെളിയിക്കുന്ന ഗ്ലിറ്ററിംഗ് പേനയും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തത്. പ്രിന്റ് ചെയ്ത നൂറിന്റെയും ഇരുനൂറിന്റെയും പത്ത് നോട്ടുകളും പിടിച്ചെടുത്തു. കോയമ്പത്തൂരിൽ നിന്നാണ് ഇവയെത്തിച്ചത്. ഷാജഹാന്റെ നേതൃത്വത്തിലാണ് വ്യാജനോട്ട് നിർമ്മിച്ച് വിപണിയിലെത്തിച്ചിരുന്നത്. വ്യാജ നോട്ട് പ്രിന്റ് ചെയ്യാനും വിതരണത്തിനും ഇവരെ സഹായിച്ചിരുന്ന പാറമുകൾ പുത്തൻവീട്ടിൽ അർഷാദ് (27), കോട്ടൂർ സൗദ് മൻസിലിൽ സൗദ് (21) എന്നിവരെയും തുടരന്വേഷണത്തിൽ പൊലീസ് പിടികൂടി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഷെറീഫിന്റെ വീട് കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടിൻ പുറത്തെ ചെറിയ കടകളാണ് ഇവർ തട്ടിപ്പിനായി തിരഞ്ഞെടുത്തിരുന്നത്. അഞ്ഞൂറ്, ഇരുന്നൂറ് രൂപയുടെ നോട്ടുകളാണ് തയ്യാറാക്കിയിരുന്നത്.പകുതി തുകയ്ക്ക് സാധനം വാങ്ങി ബാക്കി പണമായി കൈപ്പറ്റുന്നതാണ് രീതി. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും നെയ്യാർഡാം പൊലീസ് വെളിപ്പെടുത്തി.