തിരുവനന്തപുരം : വേനൽപ്പേടിയിലായ നഗരവാസികളെ കാത്ത് 'ഇക്കൊല്ലം കുടിവെള്ളം മുട്ടില്ലെന്ന" വാട്ടർ അതോറിട്ടിയുടെ സന്തോഷവാർത്ത കാത്തിരിക്കുന്നു. അടുത്ത രണ്ട് മാസത്തേക്കുള്ള വെള്ളം പേപ്പാറ ഡാമിലുണ്ടെങ്കിലും ആവശ്യത്തിന് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. നഗരത്തിലെ 65 ശതമാനം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പൈപ്പിനെയാണ്.
വൈദ്യുതോത്പാദനത്തിനു ശേഷം പേപ്പാറയിൽ നിന്നുള്ള വെള്ളം അരുവിക്കരയിലേക്കൊഴുക്കിയ ശേഷം അവിടെ നിന്നാണ് നഗരത്തിലെത്തിക്കുന്നത്. 400 ദശലക്ഷം ലിറ്ററാണ് നഗരത്തിലെ പ്രതിദിന ജലഉപയോഗം. പേപ്പാറ ഡാമിലെ നിലവിലെ ജലനിരപ്പ് 104.69 മീറ്ററാണ്. ജൂൺ വരെയുള്ള വെള്ളം പേപ്പാറയിലുണ്ടെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.
ജലം ഉപയോഗിക്കാം, യുക്തിപൂർവം
വെള്ളമുണ്ടെന്ന് കരുതി പാഴാക്കിയാൽ ദുഃഖിക്കേണ്ടിവരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. രണ്ട് വർഷം മുമ്പുണ്ടായ കുടിവെള്ളക്ഷാമം നേരിടാൻ നെയ്യാർ ഡാമിൽ നിന്നടക്കം വെള്ളമെത്തിച്ച അവസ്ഥയും അധികൃതർ ജനങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. സമാന പ്രതിസന്ധിയുണ്ടാകാതിരിക്കാൻ ജല ഉപയോഗത്തിൽ സൂക്ഷ്മത പുലർത്തണമെന്നും നിർദേശമുണ്ട്.
ബാഷ്പീകരണത്തെത്തുടർന്ന് 85 മീറ്ററിൽ താഴെ ജലനിരപ്പെത്തിയാൽ മാത്രമേ അശങ്കപ്പെടേണ്ടതുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതിനുള്ള സാദ്ധ്യത കുറവാണെന്നും അവർ വ്യക്തമാക്കുന്നു.
ചെടികൾക്കും വേണം വെള്ളം
വേനൽകാലത്തെ ജല ദൗർലഭ്യം നേരിടാൻ 'ജലം ജീവാമൃതം" എന്ന പദ്ധതിയുമായി സംസ്ഥാന ജലവിഭവ വകുപ്പും രംഗത്തുണ്ട്. വരൾച്ചയെ നേരിടാൻ മതിയായ കുടിവെള്ളം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ജലം ചെടികൾക്കും കൂടിയുള്ളതാണ് എന്ന സന്ദേശവും ഇതിലൂടെ നൽകുന്നു. ഹരിത കേരള മിഷൻ, ആരോഗ്യ വകുപ്പ്, റവന്യു വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതി നടപ്പാക്കുന്നത് മാർച്ച് മുതൽ മേയ് വരെയാണ്.
വരൾച്ചയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടം വെള്ളം സംരക്ഷിക്കുന്നതിനോ, എത്തിക്കുന്നതിനോ ഉള്ള സംവിധാനമൊരുക്കും. ജനപ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും കമ്മിറ്രികൾ രൂപീകരിക്കും. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഇതിൽ അംഗങ്ങളായിരിക്കും. പ്രാദേശികതലത്തിൽ ജല സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ഇവർ നേതൃത്വം നൽകും.
പദ്ധതി ഇങ്ങനെ
മനുഷ്യർക്കും മൃഗങ്ങൾക്കുമുള്ള ജീവജലം മുടങ്ങാതിരിക്കുക, വെള്ളം കിട്ടാതെ കൃഷി നശിക്കാതിരിക്കുക. ഇതിനായി ചെയ്യേണ്ടത്
ജലസ്രോതസുകളെ സംരക്ഷിക്കുക
വെള്ളത്തിന്റെ ദുരുപയോഗം തടയുക
വരൾച്ച മുൻകൂട്ടി കാണുന്ന സ്ഥലങ്ങളിൽ പ്രത്യേക പദ്ധതി
മഴവെള്ള സംഭരണികൾ ഒരുക്കുക
കിണർ, കുളം മറ്ര് ജലസംഭരണികൾ എന്നിവ മലിനമാകാതെ നോക്കുക, പുതുതായി നിർമ്മിക്കുക.
ജല സംഭരണികളിൽ ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നടപടി.
ജല സംരക്ഷണത്തിന് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക