മാവേലിക്കരയിൽ ചിറ്റയം, തൃശൂരിൽ രാജാജി, വയനാട്ടിൽ സുനീർ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സി. ദിവാകരൻ ഇടതു സ്ഥാനാർത്ഥി. മാവേലിക്കരയിലേക്ക് ചിറ്റയം ഗോപകുമാർ, തൃശൂരിൽ രാജാജി മാത്യു തോമസ്, വയനാട്ടിൽ പി.പി. സുനീർ എന്നിവരുടെ പേരുകൾക്കും സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയും സംസ്ഥാന കൗൺസിലും അംഗീകാരം നൽകി. അവസാന നിമിഷം മറിമായങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ, ഇന്ന് ആരംഭിക്കുന്ന പാർട്ടി നേതൃയോഗങ്ങൾ പട്ടിക അതേപടി അംഗീകരിക്കും.
ഇന്ന് ദേശീയ സെക്രട്ടേറിയറ്റും നാളെ ദേശീയ എക്സിക്യുട്ടീവും ഏഴിന് ദേശീയ കൗൺസിലും ചേരുന്നുണ്ട്. എട്ടിനു ചേരുന്ന സംസ്ഥാന നിർവാഹക സമിതിയിലാണ് അന്തിമ പ്രഖ്യാപനം. ഇന്നലെ രാവിലെ ചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ സ്ഥാനാർത്ഥി പാനൽ വായിച്ചപ്പോൾത്തന്നെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയം വ്യക്തമാക്കി: താൻ മത്സരിക്കാനില്ല. പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഒരിടത്തു മാത്രം ഒതുങ്ങിനിൽക്കാനാവില്ലെന്നും എല്ലായിടത്തും പ്രചാരണത്തിനെത്തേണ്ടതുണ്ടെന്നും കാനം പറഞ്ഞു. സ്ഥാനാർത്ഥിയെന്ന നിലയിൽ ഓടിനടക്കാൻ ആരോഗ്യപ്രശ്നം തടസ്സമാണെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി മത്സരിച്ചാൽ പകരം ചുമതലക്കാരനായി താനുണ്ടാവുമെന്നും, കാനം വിജയിക്കുമെന്നും സി. ദിവാകരൻ പിന്തുണച്ചെങ്കിലും, പാർലമെന്ററി രാഷ്ട്രീയത്തിനില്ലെന്ന് താൻ നേരത്തേ വ്യക്തമാക്കിയതാണെന്നും രാജ്യസഭാ സീറ്റു പോലും വേണ്ടെന്നു പറഞ്ഞതാണെന്നും കാനം മറുപടി നൽകി. പാർട്ടിയുടെ നാലു സീറ്റിലും താൻ തന്നെയാണ് സ്ഥാനാർത്ഥിയെന്നും, അതുകൊണ്ട് പ്രത്യേകിച്ച് മത്സരിക്കേണ്ട ആവശ്യമില്ലെന്നും കാനം തീർത്തു പറഞ്ഞതോടെ സി. ദിവാകരനിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. ദിവാകരന്റെ സ്ഥാനാർത്ഥിത്വത്തെ എക്സിക്യുട്ടീവിൽ എല്ലാവരും അംഗീകരിക്കുകയും ചെയ്‌തു.
മാവേലിക്കരയിലേക്ക് മൂന്നു ജില്ലാ കൗൺസിലുകൾ ഒന്നാമതായി നിർദ്ദേശിച്ച അടൂർ എം.എൽ.എ കൂടിയായ ചിറ്റയം ഗോപകുമാറിനോട് യോഗത്തിൽ ആർക്കും വിയോജിപ്പുണ്ടായില്ല. തൃശൂരിൽ വീണ്ടും മത്സരിക്കാനുള്ള ആഗ്രഹം സി.എൻ. ജയദേവൻ തുറന്നുപറഞ്ഞെങ്കിലും യോഗത്തിൽ ഭൂരിഭാഗം പേരും നിർദ്ദേശിച്ചത് സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെടാതിരുന്ന മന്ത്രി വി.എസ്. സുനിൽകുമാറിനെയാണ്. കുറേപ്പേർ രാജാജി മാത്യു തോമസിനെ നിർദ്ദേശിച്ചു. ജില്ലാ കൗൺസിലിന്റെ പട്ടികയിലുൾപ്പെട്ട കെ.പി. രാജേന്ദ്രനും സുനിലിന്റെ പേര് നിർദ്ദേശിച്ചത് ശ്രദ്ധേയമായി. പുതിയ മുഖം വരട്ടെയെന്നായിരുന്നു പൊതുവികാരം.
സുനിൽകുമാർ മത്സരിക്കാനില്ലെന്ന് കൗൺസിലിലും തീർത്തു പറഞ്ഞതോടെ രാജാജി മാത്യു തോമസിന് നറുക്കു വീണു. വയനാടിന്റെ കാര്യത്തിൽ സുനീറിനായിരുന്നു എക്സിക്യുട്ടീവിൽ ഭൂരിപക്ഷ പിന്തുണ. മലപ്പുറത്തെ മൂന്നു മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്ന വയനാട്ടിൽ സുനീർ കൂടുതൽ സ്വീകാര്യനാകുമെന്ന അഭിപ്രായം ഉയർന്നു. .