രാഷ്ട്രം സങ്കുചിതരാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവച്ച് ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ ജനനേതാക്കൾ കുശുമ്പും കുന്നായ്മയും മൂത്ത് തമ്മിൽത്തല്ലുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. എല്ലാവരുടെയും കണ്ണ് ആസന്നമായ പൊതുതിരഞ്ഞെടുപ്പിലാണ്. അതുകൊണ്ടുതന്നെ പരസ്പരം കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനുമുള്ള പ്രവണതയ്ക്ക് വീറും വാശിയും കൂടും.
ബാലാക്കോട്ട് പാക് ഭീകര ക്യാമ്പുകൾക്കുനേരെ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെത്തുടർന്നുള്ള സംഭവഗതികളിൽ രാജ്യം വീർപ്പടക്കി നിൽക്കുമ്പോഴാണ് അതിന്റെ പേരിൽ ഭരണ- പ്രതിപക്ഷ വിഴുപ്പലക്കലിന് ജനങ്ങൾ സാക്ഷികളാകേണ്ടി വന്നിരിക്കുന്നത്. ഇൗ ആക്രമണത്തിന് കാരണഭൂതമായ പുൽവാമയിലെ സി.ആർ.പി.എഫ് ജവാന്മാരുടെ കൂട്ടക്കുരുതി നടന്നപ്പോഴും സർക്കാരിന്റെ പിടിപ്പുകേടായി അത് വ്യാഖ്യാനിക്കാൻ ആളുകളുണ്ടായി. പാകിസ്ഥാൻ പരിശീലനവും ആയുധങ്ങളും നൽകി ഇന്ത്യയിലേക്ക് കടത്തിവിടുന്ന ഭീകരന്മാർ ഇതിനകം രാജ്യത്തിന്റെ പലഭാഗങ്ങളിലും ആക്രമണങ്ങൾ നടത്തി അനവധി പേരെ വധിക്കുകയും സ്വത്തുവകകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജമ്മു-കാശ്മീരിൽ ഭീകരഗ്രൂപ്പുകൾ സൃഷ്ടിക്കുന്ന അക്രമ വേലിയേറ്റത്തിൽ ജനങ്ങൾക്ക് സ്വൈര്യമായ ജീവിതംപോലും ഇല്ലാതായിട്ട് വർഷങ്ങളായി. പുൽവാമയിൽ സി.ആർ.പിക്കാരുടെ വാഹനവ്യൂഹത്തിനു നേരെ ജയ്ഷെയുടെ ചാവേർപോരാളി നടത്തിയ ബോംബാക്രമണം ലോകം ഒന്നടങ്കം അപലപിച്ച നീചസംഭവമാണ്. ആത്മാഭിമാനമുള്ള ഏത് രാജ്യവും അതിന് പ്രതികാരം ചെയ്യാൻ നിർബന്ധിതരാകുമെന്നതിൽ സംശയമില്ല. അതിർത്തികടന്നുള്ള പാക് ഭീകര താവളങ്ങൾക്കുനേരെ വ്യോമസേന നടത്തിയ ആക്രമണം അനവസരത്തിലോ അനാവശ്യമോ ആയിരുന്നില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ തെമ്മാടിത്തത്തിന് അർഹമായ ശിക്ഷതന്നെയായിരുന്നു അത്. ഇൗ ആക്രമണത്തിനിടെ മിഗ് വിമാനം തകർന്ന് പാക് മണ്ണിൽ അകപ്പെട്ട അഭിനന്ദൻ വർദ്ധമാൻ എന്ന വ്യോമസേനാ ഒാഫീസറെ പാക് സൈന്യം തടവുകാരനായി പിടികൂടിയെങ്കിലും രണ്ടര ദിവസം കഴിഞ്ഞ് വിട്ടയയ്ക്കാൻ അവർ നിർബന്ധിതരായി. ഇന്ത്യയുടെയും ചില പ്രബല ലോകരാജ്യങ്ങളുടെയും സമ്മർദ്ദത്തിന്റെ ഫലമായിരുന്നു ഇത്. ഇൗ സംഭവ പരമ്പരകളിൽ സാധാരണക്കാരുൾപ്പെടെ സൈന്യത്തിനും സർക്കാരിനും പൂർണപിന്തുണ നൽകിവരുമ്പോഴാണ് അങ്ങിങ്ങ് ചില അപശബ്ദങ്ങളുണ്ടാവുന്നത്.
രാജ്യരക്ഷയുമായി ബന്ധപ്പെട്ട അതിലോലമായ കാര്യത്തിൽപോലും സർക്കാർ നടപടികളെ വില കുറച്ചുകാണാനും സന്ദർഭമറിയാതെ വിമർശനങ്ങൾ ചൊരിയാനുമുള്ള പ്രതിപക്ഷ ശ്രമങ്ങൾ ഒരു തരത്തിലും മാതൃരാജ്യത്തെ സഹായിക്കാനുതകുന്നതല്ല. സ്ഥലകാല ബോധമില്ലാത്ത നേതാക്കൾ എല്ലാ കക്ഷികളിലും കാണും. എന്നാൽ ശത്രുവിന് നേട്ടമാകുന്ന ജല്പനങ്ങൾ നടത്താൻ ഇവരെ അനുവദിക്കാതിരിക്കുകയാണ് പാർട്ടി നേതൃത്വങ്ങൾ ചെയ്യേണ്ടത്. പ്രതിപക്ഷ പാർട്ടികളിൽ മാത്രമല്ല ഭരണപക്ഷത്തിന് നേതൃത്വം വഹിക്കുന്ന ബി.ജെ.പിയിലുമുണ്ട് ഇതുപോലുള്ള വിവരദോഷികൾ. അതിർത്തി കടന്ന് വ്യോമസേന നടത്തിയ ആക്രമണം പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഏറെ ഗുണം ചെയ്യുമെന്ന് പൊതുയോഗത്തിൽ തട്ടിവിട്ടത് മുൻമുഖ്യമന്ത്രിയും കർണാടകത്തിൽ ബി.ജെ.പിയുടെ അനിഷേധ്യ നേതാവുമായ യെദിയൂരപ്പയാണ്. അതുപോലെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ കനകാവസരമായി കാണുന്ന വേറെയും ഭരണകക്ഷി നേതാക്കൾ യു.പിയിലും മദ്ധ്യപ്രദേശിലുമൊക്കെ ഉണ്ട്.
ബാലാകോട്ട് വ്യോമാക്രമണത്തിന് കേന്ദ്ര സർക്കാർ വിശ്വാസയോഗ്യമായ തെളിവു നൽകണമെന്നാണ് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടത്. കാശ്മീരിൽ മുൻ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയും കൊൽക്കത്തയിൽ മുഖ്യമന്ത്രി മമതാ ബാനർജിയുമൊക്കെ വ്യോമാക്രമണം നടന്നുവെന്നതിന്റെ തെളിവു ചോദിച്ചവരാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ അതിർത്തി സംഘർഷം ബി.ജെ.പി ഉപയോഗിക്കുന്നതെന്ന് ആരോപണമുന്നയിക്കുന്നവർ കേരളത്തിലുമുണ്ട്. അന്ധമായ ബി.ജെ.പി വിരോധത്തിൽ ഇവരൊക്കെ വിശാലമായ രാജ്യതാത്പര്യം തീരെ ചെറുതായി കാണാൻ ശ്രമിക്കുകയാണ്. ഇത്തരം ജല്പനങ്ങളുടെ പിറകെ പോയി അതിനൊക്കെ രണ്ടും മൂന്നും പറഞ്ഞ് രംഗം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തിറങ്ങിയപ്പോൾ സംഗതി കുശാലായി. രാജ്യത്തുനിന്ന് ഭീകരതയെ ഇല്ലാതാക്കുകയെന്നത് സർക്കാരിന്റെ മാത്രം ബാദ്ധ്യതയല്ലെന്ന് എല്ലാ കക്ഷികളും ഒാർക്കേണ്ടതുണ്ട്. ഭിന്നതകൾ മറന്ന് രാഷ്ട്രം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് രാഷ്ട്രീയ പരിഗണനകൾ വച്ചുകൊണ്ട് ഭരണ -പ്രതിപക്ഷങ്ങൾ ഇമ്മാതിരി ഉത്തരവാദിത്വമില്ലാതെ തെരുവ് പ്രസംഗങ്ങൾ നടത്തുന്നത് ശത്രുക്കൾക്കുമാത്രമേ ഗുണംചെയ്യൂ. വ്യോമാക്രമണവും അഭിനന്ദൻ വർദ്ധമാന്റെ മോചനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചില നേതാക്കളുടെ പ്രസ്താവനകൾ ഇന്ത്യയ്ക്കെതിരായി എടുത്തുപയോഗിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കാണിച്ച കൗശലം ഇൗ നേതാക്കൾ കാണാതെ പോകരുത്.
രാജ്യം ശിഥിലമായി നിൽക്കുമ്പോൾ ശത്രുവിന് ജോലി എളുപ്പമാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രം കണ്ണുവച്ചുള്ള നിലപാടുകൾ ആത്മഹത്യാപരമാണെന്ന് നേതാക്കൾ തിരിച്ചറിയണം. ഇൗസ്റ്റ് ഇന്ത്യാകമ്പനി വന്നപ്പോഴുള്ള അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകരുത്.