പാറശാല: ശാരീരിക പരിമിതികൾ കാരണം പഠനത്തിന് സ്കൂളിലെത്താൻ കഴിയാത്ത അയ്ഫയ്ക്ക് ആത്മവിശ്വാസം പകർന്ന് കുട്ടുകാരെത്തി. പൊഴിയൂർ പനയറക്കാലവീട്ടിൽ ആട്ടോറിക്ഷാ തൊഴിലാളിയായ അസീമിന്റെയും വീട്ടമ്മയായ ഷംന മോളുടെയും മകളാണ് അയ്ഫ. ജനിച്ച് ആറ് മാസം കഴിഞ്ഞപ്പോൾ മകൾക്ക് ശാരീരിക പരിമിതികളുണ്ടെന്ന് കണ്ടെത്തിയതോടെ വിവിധയിടങ്ങളിൽ ചികിത്സതേടിയിരുന്നു. പഠനം മുടങ്ങാതിരിക്കാൻ അഞ്ചാം വയസിൽ സമീപത്തെ ആർ.സി. എൽ.പി.എസിൽ ഒന്നാം ക്ലാസിൽ പ്രവേശിപ്പിച്ചെങ്കിലും പരസഹായം കൂടാതെ സ്കൂളിലെത്താനാകാത്തത് കാരണം ക്ലാസുകൾ പലതും നഷ്ടപെട്ടു. ഇപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന അയ്ഫയ്ക്ക് കൂട്ടായി അവളുടെ ക്ലാസിലെ കൂട്ടുകാർ ഇനി മുതൽ കഴിയുന്നത്ര വീട്ടിലെത്തി പഠന സഹായം നൽകുന്നതാണ്. ശാരീരിക പരിമിതികൾ നേരിടുന്ന വിദ്യാർത്ഥികളെ സമൂഹത്തിന്റെ പൊതുധാരയിലെത്തിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന 'ചങ്ങാതിക്കൂട്ടം' പരിപാടിയുടെ ഭാഗമായി കെ. ആൻസലൻ എം.എൽ.എ യുടെ നേതൃത്വത്തിലാണ് അയ്ഫയുടെ സഹപാഠികൾ വീട്ടിലെത്തിയത്. എം.എൽ.എ യേയും അധ്യാപകരെയും കൂട്ടുകാരെയും റോസാപ്പൂക്കൾ നൽകിയാണ് അയ്ഫ സ്വീകരിച്ചത്. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സമ്മാനങ്ങളായി നൽകിയ കൂട്ടുകാർ കഥ പറഞ്ഞും പാട്ടു പാടിയും കളികളിലേർപ്പെട്ടും ഒന്നര മണിക്കൂറോളം അയ്ഫയോടൊപ്പം ചെലവിട്ടു. കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ, ഗ്രാമ പഞ്ചായത്തംഗം എ. അജീഷ്, പ്രധാനാദ്ധ്യാപകൻ ടി.ആർ. ബേസിൽ, ബി.ആർ.സി പരിശീലകരായ എസ്. അജികുമാർ, ആർ.എസ്. ബൈജു കുമാർ, എ.എസ്. മൻസൂർ, ആർ. ജയചന്ദ്രൻ, റിസോഴ്സ് അദ്ധ്യാപകർ, മറ്റ് അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ' നവകേരളം ഭിന്നശേഷി സൗഹൃദം' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ശാരീരികപരിമിതികൾ കാരണം വിദ്യാലയത്തിലെത്താൻ കഴിയാത്തവർക്ക് പ്രതീക്ഷയും പഠനാനുഭവങ്ങളും പകർന്നു നൽകാൻ സഹായിക്കുമെന്ന് ബി.പി.ഒ എസ്. കൃഷ്ണകുമാർ പറഞ്ഞു.