നെയ്യാറ്റിൻകര: ലോകത്തെവിടെയും ഒരു ജനത സാംസ്കാരികമായി ഉയർന്നിട്ടുള്ളത് നവോത്ഥാന പ്രക്രിയയിലൂടെ മാത്രമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. അരുവിപ്പുറം പ്രതിഷ്ഠയുടെ 131-ാമത് വാർഷികത്തോടനുബന്ധിച്ച് അരുവിപ്പുറത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധമമായ ഒന്നിൽ നിന്ന് മൂല്യമുള്ള ഒന്നിലേക്കുള്ള പ്രയാണമാണ് നവോത്ഥാനം. മാനുഷികമല്ലാത്ത കാര്യങ്ങളെ മനുഷ്യനിൽ നിന്ന് ചെത്തിമാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. ശ്രീനാരായണദർശനം വിശ്വദർശനമാണ്. ചരിത്രത്തിൽ അത് കേരള നവോത്ഥാനത്തിന് നേതൃത്വം നൽകിയെങ്കിൽ ഇന്നു നമ്മൾ നവ നവോത്ഥാനത്തിനുള്ള പരിശ്രമത്തിലാണ്. അതിനു നേതൃത്വം നൽകാനും ഗുരുദർശനത്തിനു സാധിക്കും- രവീന്ദ്രനാഥ് പറഞ്ഞു.
വിദ്യാഭ്യാസ കാര്യത്തിൽ ഗുരുവിന് ദീർഘവീക്ഷണം ഉണ്ടായിരുന്നതുകൊണ്ടാണ് വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാകാനും അദ്ദേഹം ആഹ്വാനം ചെയ്തതെന്ന് ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന മന്ത്രി ജെ.മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പലരും ഇന്ന് വിദ്വേഷം കുത്തിവയ്ക്കുകയാണ്. നമ്മുടെ മൂല്യബോധത്തെ സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റാനാകുന്ന വിദ്യാഭ്യാസക്രമം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ഡി.കെ. മുരളി എം.എൽ.എ, സുജാ സൂസൻ ജോർജ്, ഡോ.എം.എ.സിദ്ദിഖ് എന്നിവർ സംസാരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും വണ്ടന്നൂർ സന്തോഷ് നന്ദിയും പറഞ്ഞു.
caption
അരുവിപ്പുറം പ്രതിഷ്ഠയുടെ 131-ാമത് വാർഷികത്തോടനുബന്ധിച്ച് അരുവിപ്പുറത്തു സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സാന്ദ്രാനന്ദ, മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ , എം.എ.സിദ്ദിഖ്, ടി. പി. ശ്രീനിവാസൻ, ഡി.കെ.മുരളി എം.എൽ.എ, സുജ സൂസൻ ജോർജ്ജ്, വണ്ടന്നൂർ സന്തോഷ് എന്നിവർ സമീപം