farmers

കാർഷികേതര വായ്പകൾക്കും മൊറട്ടോറിയം പരിഗണനയിൽ

ഇന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ,​ പ്രളയബാധിത ജില്ലകളിലെ ഉപജീവനമാർഗം വഴിമുട്ടിയ കർഷകരുടെ കടങ്ങൾക്ക് മേലുള്ള ജപ്തി നടപടികൾ അടിയന്തരമായി നിറുത്തിവയ്ക്കാൻ ബാങ്കുകളോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടേക്കും.

ഈ ജില്ലകളിൽ കൃഷി മാത്രം ഉപജീവനമാക്കിയ കർഷകരുടെ കാർഷികേതര കടങ്ങൾക്കും അടുത്ത ഒരു വർഷത്തേക്കെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.തീരുമാനം നടപ്പിലായാൽ സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം കർഷക‌ർക്ക് പ്രയോജനം ലഭിക്കും.

ഇക്കാര്യത്തിൽ ബാങ്കുകളുടെ സഹകരണം തേടുന്നതിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സർക്കാർ നാളെ ചർച്ച നടത്തും.കാർഷിക കടങ്ങൾക്ക് സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

കർഷക ആത്മഹത്യകൾ ഉൾപ്പെടെയുള്ള കാർഷിക രംഗത്തെ ഗുരുതരമായ പ്രശ്നങ്ങളെപ്പറ്റിയും ഇക്കാര്യത്തിൽ കൃഷി വകുപ്പിന്റെ നിർദ്ദേശങ്ങളും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും.ഇടുക്കി,​വയനാട് ജില്ലകളിലാണ് പ്രളയത്തെത്തുടർന്ന് കാർഷിക മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായത്.എന്നാൽ ഈ ജില്ലകളിൽ കർഷകരും കാർഷിക വായ്പകൾ എടുക്കാത്തവരുമായ ചിലരുടെ ആത്മഹത്യകളും കർഷക ആത്മഹത്യകളായി ചിത്രീകരിച്ച് കർഷകരിൽ ഭീതി പരത്താനുള്ള ശ്രമങ്ങളും നടക്കുന്നതായി കൃഷി വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. 75 മുതൽ 100 ശതമാനം വരെ കൃഷി നാശം സംഭവിച്ചവരും,​ മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാത്തവരുമായ കർഷകരുടെ എല്ലാത്തരം വായ്പകൾക്കും തിരിച്ചടവിന് സാവകാശം നൽകണമെന്നതാണ് സർക്കാരിന്റെ നിലപാട്.

കടക്കെണിയിലായ കർഷകരിൽ പലർക്കും കാർഷിക വായ്പകളെക്കാൾ കൂടുതലുള്ളത് കാർഷികേതര വായ്പകളാണ്.അതിനാൽ ,​കാർഷിക വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം സർക്കാർ പ്രഖ്യാപിച്ചിട്ടും കർഷകർക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസുകൾ ലഭിക്കുന്നു.ഇതും ആത്മഹത്യാ പ്രവണത വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ജപ്തി തടയുന്നതിനൊപ്പം,​ യഥാർത്ഥ കർഷകരുടെ കാർഷികേതര വായ്പകൾക്കും മൊറട്ടോറിയം വേണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെടുന്നത്.

കടക്കെണിയിൽ ഒന്നര ലക്ഷം കർഷകർ

പ്രളയത്തിൽ കൃഷി നാശത്തെതുടർന്ന് വായ്പകൾ തിരിച്ചടക്കാനാകാതെ കടക്കെണിയിലായത് ഒന്നര ലക്ഷം കർഷകരാണ്.സംസ്ഥാനത്തെ വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 1000കോടിയോളം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. പ്രളയത്തെ തുടർന്ന് കൃഷി ഭൂമിയും കാർഷിക വിളകളും നഷ്ടപ്പെട്ട 2.36 ലക്ഷം കർഷകർക്കാണ് സംസ്ഥാന സർക്കാർ ഇതിനകം സാമ്പത്തിക സഹായം നൽകിയിട്ടുള്ളത്. ഇതിൽ 56ശതമാനം പേരും ഇപ്പോഴും കടക്കെണിയിലാണ്.

കണക്കുകൾ പറയും

 സർക്കാർ കർഷകർക്ക് വിതരണം ചെയ്ത ധനസഹായം

206കോടി രൂപ

 236650ഹെക്ടർ സ്ഥലത്തെ കൃഷി പ്രളയത്തിൽ മുങ്ങി

 കാർഷിക മേഖലയിൽ നഷ്ടം 19000കോടി രൂപ

 കൂടുതൽ നഷ്ടം ഇടുക്കി വയനാട് ജില്ലകളിൽ

 ഇടുക്കിയിൽ മാത്രം നഷ്ടം 360കോടി രൂപ