തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.
ബലാകോട്ട് സൈനിക ആക്രമണത്തിൽ 300ലധികം ഭീകരർ കൊല്ലപ്പെട്ടുവെന്ന് വാർത്തകൾ വന്നു. മാദ്ധ്യമങ്ങൾക്ക് സർക്കാർ അനൗദ്യോഗികമായി നല്കിയ വാർത്തയായിരുന്നു അതെന്നു വ്യക്തം. അന്തർദേശീയ മാദ്ധ്യമങ്ങളും മറ്റും അവിടെ പോയി നടത്തിയ പരിശോധനയിൽ സർക്കാർ നല്കിയ അനൗദ്യോഗിക അവകാശവാദങ്ങൾ ശരിവയ്ക്കുന്നില്ല. ആക്രമണത്തിന്റെ ലക്ഷ്യം ആൾനാശം ആയിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയും വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുക സർക്കാരാണ് എന്നാണ് വ്യോമസേനാ മേധാവി പറഞ്ഞത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി വിശ്വസനീയമായ കണക്കുകളും വസ്തുതകളുമായി രംഗത്തുവരണം.
പാകിസ്ഥാനെതിരായ സൈനികനടപടിയെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിന് മേൽ പ്രധാനമന്ത്രി കുതിരകയറുകയാണ്. ബംഗ്ലാദേശ് യുദ്ധത്തിനുശേഷം അടൽ ബിഹാരി വാജ്‌പേയ് ദുർഗയെന്ന് അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധിയുടെ പാർട്ടിയായ കോൺഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ മാത്രം ബി.ജെ.പി വളർന്നിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.