water-scarcity

തിരുവനന്തപുരം: "പൊള്ളുന്ന ചൂടിനാൽ മാമരം വേവുന്നു പുല്ലിന്റെ കാര്യമെന്തുചൊൽവൂ'' എന്ന് വൈലോപ്പിള്ളി ശ്രീധരമേനോൻ ചൊല്ലിയ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണ് കേരളം. സമീപകാലത്തൊന്നും അനുഭവിച്ചിട്ടില്ലാത്തത്ര കൊടും ചൂട്. വരും ദിവസങ്ങളിൽ ചൂട്

ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും

വടക്കൻ ജില്ലകളിൽ 'ഉഷ്ണതരംഗത്തി'ന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.

കോഴിക്കോട് ജില്ലയിൽ കടുത്ത ഉഷ്ണതരംഗത്തിനാണ് സാദ്ധ്യത. മലപ്പുറം, പാലക്കാട്, പത്തനംതിട്ട,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ചൂടിന്റെ കാഠിന്യമേറും.

എന്താണ് ഉഷ്ണതരംഗം

40 ഡിഗ്രിയോ അതിൽക്കൂടുതലോ ചൂട് തുടർച്ചയായി രണ്ട് ദിവസം അനുഭവപ്പെടുന്നതാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്)​. താപനില ശരാശരിയിൽ നിന്ന് നാലര ഡിഗ്രിയെങ്കിലും കൂടുതലായിരിക്കണം. ഒരു സംസ്ഥാനത്ത് രണ്ട് സ്ഥലത്ത് ഒരേസമയം ഈ അവസ്ഥയുണ്ടായാൽ ആ സംസ്ഥാനത്ത് ഉഷ്ണതരംഗമുള്ളതായി കാലാവസ്ഥാവകുപ്പ് പ്രഖ്യാപിക്കും.2012 ലാണ് കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം ഉണ്ടായത്. പിന്നീട് 2016 ലും ഇതേ സാഹചര്യമുണ്ടായി. .

ചൂടിനെ പ്രതിരോധിക്കാം

നിർജ്ജലീകരണത്തിന് സാദ്ധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുക

ഉച്ചയ്ക്ക് 11 മണിക്കും മൂന്നിനും ഇടയ്ക്ക് നേരിട്ടുള്ള വെയിൽ കൊള്ളാതിരിക്കുക

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക,ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക.

സൂര്യാഘാതത്തിനും സാദ്ധ്യത

മനുഷ്യശരീരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമ്പോൾ കരൾ, വൃക്ക, ഹൃദയം തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്രാൻ സാദ്ധ്യതയുണ്ട്.പെട്ടെന്ന് അബോധാവസ്ഥയിലാവുന്നതാണ് പ്രധാന ലക്ഷണം. അങ്ങനെ കണ്ടാൽ വേഗം ആശുപത്രിയിലെത്തിക്കണം.

-ഡോ.ബി.പത്മകുമാർ(മെഡിസിൻ വിഭാഗം പ്രൊഫസർ,

ഗവൺമെന്റ് ടി.ഡി.മെഡിക്കൽ കോളേജ് , ആലപ്പുഴ).

 തീരദേശ മേഖലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസിനും ഉൾനാടൻ മേഖലകളിൽ 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് എത്തിയാൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ട്. വീണ്ടും താപനില കുത്തനെ കൂടിയാൽ അപകടകാരിയായ സിവിയർ ഹീറ്റ് വേവായി അത് മാറും.

- ഡോ. മിനി വി.കെ.

(ശാസ്ത്രജ്ഞ,കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടറുടെ ചുമതല)

ചൂടിന്റെ തീവ്രത ക്രമാതീതമായി ഉയരുന്നതിന് പിന്നിൽ ആഗോള താപനത്തിന് പുറമെ പ്രാദേശികമായ നിരവധി കാരണങ്ങളുമുണ്ട്. നഗരവത്കരണമാണ് ഇതിൽ പ്രധാനം.ചൂടിനെ ആഗിരണം ചെയ്യാൻ കഴിയുന്ന ജൈവസൗഹൃപരമായ കെട്ടിട നിർമ്മാണം ഒരു പരിധിവരെ ഇതിനെ പ്രതിരോധിക്കും.

- ഡോ. ശേഖർ എൽ. കുര്യാക്കോസ്

(മെമ്പർ സെക്രട്ടറി, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി)