വെള്ളറട: സമൂഹത്തിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഗുരുദേവസന്ദേശങ്ങൾ വളരെയേറെ പങ്ക് വഹിച്ചു. ഈകാലഘട്ടത്തിൽ ഗുരുവിന്റെ സന്ദേശങ്ങൾ സമൂഹത്തിന് വളരെ അനുവാര്യമായി മാറിയിരിക്കുകയാണെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. വെള്ളറട ശ്രീനാരായണപുരം ലോകനാഥക്ഷേത്രത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ചു നടന്ന ശ്രീനാരായണ ധർമ്മ പ്രചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ ഇല്ലായ്മചെയ്യാൻ പ്രവർത്തിച്ചതിന്റെ ഫലമാണ് സാധാരണ മനുഷ്യന് നീതിലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഡയറക്ട് ബോർഡ് അംഗം എസ്.കെ. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുക്ഷമകുമാരി അമ്മ, എസ്. പ്രദീപ്, അഡ്വ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഉത്സവകമ്മിറ്റി ചെയർമാൻ ആർ.ജെ. അരുൺ സ്വാഗതവും ശാഖ പഞ്ചായത്ത് കമ്മിറ്റിഅംഗം പാർത്ഥീപകുമാർ നന്ദിയും രേഖപ്പെടുത്തി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.