തിരുവനന്തപുരം: സി.പി.ഐ സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ അനൗപചാരികമായെങ്കിലും, ഇടതുപക്ഷം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ആദ്യ ചുവടുവച്ചു. യു.ഡി.എഫിന്റെ യാഗാശ്വമായ ശശി തരൂരിന് എതിരെ ആരെന്ന ചോദ്യത്തിന് ഉത്തരമായപ്പോൾ, തലസ്ഥാനം ഇക്കുറി പൊരിഞ്ഞ പോരിനു വേദിയാകുമെന്ന കാര്യം തീർച്ചയുമായി.
യു.ഡി.എഫിൽ, കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രന്റെ പേര് നേരത്തേ പ്രഖ്യാപിച്ച ആർ.എസ്.പി മാത്രമാണ് സി.പി.ഐക്കു മുമ്പേ സ്ഥാനാർത്ഥി നിർണയം നടത്തിയ പാർട്ടി. സി.പി.ഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ എൻ.ഒ.സി കിട്ടാനുണ്ടെങ്കിലും അതു സാങ്കേതികം മാത്രം. ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പുതന്നെ തിരുവനന്തപുരത്തെ സി.പി.ഐ സ്ഥാനാർത്ഥിയായ സി.ദിവാകരൻ പോരാട്ടവീര്യം പുറത്തെടുത്തു കഴിഞ്ഞു. തലസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരിക്കും എന്നാണ് ദിവാകരന്റെ പ്രതികരണം. അഴിമതിരഹിത ദേശീയ ബദലിന് ഇടതു പ്രതിനിധിയായി തന്നെ അയയ്ക്കാനുള്ള കടമ തിരുവനന്തപുരത്തുകാർ നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞ്, അനൗദ്യോഗിക പ്രചാരണം ദിവാകരൻ തുടങ്ങിവയ്ക്കുകയും ചെയ്തു.
തലസ്ഥാനത്ത് കഴിഞ്ഞ തവണ സംഭവിച്ച കൺഫ്യൂഷനും കടമ്പകളുമില്ലാതെ, പാർട്ടിയുടെ നാലു മണ്ഡലങ്ങളിലേക്കും കരുത്തരെ തന്നെ കണ്ടെത്താനായതിന്റെ ആശ്വാസത്തിലാണ് സി.പി.ഐ നേതൃത്വം. സ്ഥാനാർത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞതോടെ വിജയം മാത്രം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളിലേക്കു കടക്കുകയാണ് നാല് സ്ഥാനാർത്ഥികളും മണ്ഡലങ്ങളിലെ ഇടതു പ്രവർത്തകരും.
അതേസമയം, ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനിയും നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്നും അതിനു ശേഷമാകാം പ്രതികരണങ്ങളെന്നും പറഞ്ഞ് തൃശൂരിലെ നിയുക്ത സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് മണ്ഡലത്തിലേക്കു പോയി. പാർട്ടി പറയുന്നത് കേൾക്കുമെന്ന് മാവേലിക്കരയിലേക്കു നിർദ്ദേശിക്കപ്പെട്ട ചിറ്റയം ഗോപകുമാർ എം.എൽ.എ പ്രതികരിച്ചു. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടവും തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നായിരുന്നു വയനാട്ടിലെ സ്ഥാനാർത്ഥി പി.പി. സുനീറിന്റെ പ്രതികരണം.
സി.പി.എമ്മിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കും ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്നും നാളെയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. ഈ യോഗങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയാവും ഇടതു മുന്നണി യോഗത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുക.