തിരുവനന്തപുരം: 2021 ആകുമ്പോൾ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം വകുപ്പ് നടപ്പാക്കുന്ന 'ബാരിയർ ഫ്രീ കേരള' പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
120 കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 9 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. 70 കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. വിദേശ, ആഭ്യന്തര ഭിന്നശേഷി വിനോദസഞ്ചാരികൾക്കായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ ടൂർ പാക്കേജുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ ബാരിയർ ഫ്രീ കേരളയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
ബ്രിട്ടനിലെ മാഞ്ചസ്റ്റർ സിറ്റിയുമായി ചേർന്നുള്ള വിനോദസഞ്ചാര സാംസ്‌കാരിക വിനിമയ പരിപാടികളുടെ ഭാഗമായി മാഞ്ചസ്റ്റർ സിറ്റിഡേ പരേഡിലേക്ക് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം കലാപ്രവർത്തകർക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ടൂറിസം ഡയറക്ടർ പി.ബാലകിരൺ, സെക്രട്ടറി റാണി ജോർജ്ജ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി.മോഹൻലാൽ, ഇക്കോടൂറിസം ഡയറക്ടർ പി.പി.പ്രമോദ്, ട്രാവൽ പ്ലാനേഴ്‌സ് മാനേജിംഗ് ഡയറക്ടർ പി.കെ.അനീഷ് കുമാർ, ടൂറിസം ഉപദേശക ബോർഡ് അംഗം കെ.വി.രവിശങ്കർ, ഉത്തരവാദിത്വ മിഷൻ കോർഡിനേറ്റർ കെ.രൂപേഷ് കുമാർ, ടൂറിസം ജോ.ഡയറക്ടർ കെ.പി നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.