muloor

തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കവിയാണ് മൂലൂർ എസ്. പദ്മനാഭപ്പണിക്കരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മൂലൂർ ഫൗണ്ടഷന്റെ മൂലൂർ ശതോത്തര കനക ജൂബിലിയും കവിരാമായണം ശതോത്തര രജതജൂബിലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യങ്ങളെ ചവിട്ടിമെതിക്കാൻ നീക്കം നടക്കുന്ന കാലത്തു മൂലൂരിന്റെ നിലപാടിനും സൃഷ്ടികൾക്കും പ്രാധാന്യമേറെയാണ്. ഗുരുദേവന്റെ ആശയങ്ങൾ പ്രചരിപ്പിച്ച മൂലൂർ ശിവഗിരി തീർത്ഥാടനം ആരംഭിക്കുന്നതിലും പങ്കുവഹിച്ചു.

മതസൗഹാർദ്ദത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സരസകവി മൂലൂർ –മായാത്ത ഓർമകൾ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലകവിതകൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ. ഡി. ബാബുപോൾ അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ. എം.ആർ. സഹൃദയൻ തമ്പി,​ ജസ്റ്റിസ് സുകുമാരൻ, ഗിരീഷ് പുലിയൂർ, സജീവ് കൃഷ്ണൻ, ഒ.പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. മൂലൂരിന്റെ സ്മരണാർത്ഥം 150 വിളക്കുകൾ തെളിച്ചാണ് പരിപാടി ആരംഭിച്ചത്.