തിരുവനന്തപുരം : വാഹനാപകടങ്ങൾ കുറയ്‌ക്കുന്നതിന് ശബരിമല സേഫ് സോൺ പദ്ധതിയുടെ മാതൃകയിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് കീഴിൽ റീജിയണൽ ട്രാൻസ്‌പോർട്ടിംഗ് ഓഫീസുകളിൽ എൻഫോഴ്സ‌്മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു. ജി.പി.എസ് സംവിധാനവും അത്യാധുനിക കാമറകളും ഘടിപ്പിച്ച സ‌്ക്വാഡുകളാണ് 14 ജില്ലകളിലും പ്രവർത്തിക്കുക. തിരുവനന്തപുരത്തും കോഴിക്കോട്ടും എട്ട് സ്‌ക്വാഡുകളുണ്ട്.
ഓരോ സ്‌ക്വാഡിലും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും രണ്ട് അസിസ്റ്റന്റ് ഇൻസ്‌പെക്ടറുമുണ്ടാകും. സ്‌ക്വാഡിലേക്ക് മാത്രമായി 176 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പരിശീലനം നൽകി. ഓഫീസ് ജോലി സംബന്ധിച്ച പരിശീലനവും ഇവർക്ക് നൽകും. നഗര, ഗ്രാമീണ, തീരദേശ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.
ബ്ളാക്ക് സ്‌പോട്ടുകൾ തിരിച്ചറിയും
കൂടുതൽ അപകടങ്ങളുണ്ടായ മേഖലകൾ (ബ്ളാക്ക് സ്‌പോട്ട്) പ്രത്യേകം നിരീക്ഷിക്കാൻ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരടങ്ങിയ മറ്റൊരു സംഘവുമുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ അഞ്ചിൽ കൂടുതൽ അപകടങ്ങളുണ്ടായ സ്ഥലങ്ങൾ സംഘം കണ്ടെത്തും. ഭാവിയിൽ ഇവിടെ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങളും നിർദ്ദേശിക്കും.
സ‌്ക്വാഡിന് ലഭിക്കുന്ന ഉപകരണങ്ങൾ
എല്ലാ ജില്ലകളിലും അത്യാധുനിക കൺട്രോൾ റൂം
അത്യാധുനിക സുരക്ഷാ കാമറകൾ
കൊണ്ടു നടക്കാവുന്ന റഡാർ
ഹെഡ്‌ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കാനുള്ള ലക്‌സ് മീറ്റർ
ശബ്ദതീവ്രത അളക്കാനുള്ള സൗണ്ട് ലെവൽ മീറ്റർ
ഗ്ലാസുകളുടെ സുതാര്യത അളക്കാനുള്ള ട്രാൻസ്‌പരസി മീറ്റർ
വാഹനങ്ങൾ പരിശോധിക്കാനുള്ള സ്‌കാനർ
ബ്രെത്ത് അനലൈസർ
വാഹനത്തിന്റെ വിവരങ്ങളടങ്ങിയ സ്‌മാർട്ട് ട്രേസ് ആപ്പ്
'കേരളത്തിൽ റോഡപകടങ്ങളിൽ പ്രതിവർഷം 4700 പേർ മരിക്കുന്നുവെന്നാണ് കണക്ക്. അപകട മരണങ്ങൾ കുറയ്‌ക്കുന്നതിനാണ് പ്രഥമ പരിഗണന".
- കെ. ജോഷി, ആർ.ടി.ഒ, എൻഫോഴ്സ്‌മെന്റ്, തിരുവനന്തപുരം