1

വിഴിഞ്ഞം: കോവളം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനം സർക്കാരിന്റെ അഭിമാന പദ്ധതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവളം വിനോദ സഞ്ചാര തീരത്ത് നടപ്പാക്കുന്ന 20 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രകൃതിദത്ത സൗന്ദര്യത്തനിമ നിലനിറുത്തിക്കൊണ്ടുള്ള വികസന പദ്ധതികളായിരിക്കും നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിസാബീവി, പി.എസ്. ഹരികുമാർ എന്നിവർ സംസാരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും, സെക്രട്ടറി പി. ബാലകിരൺ നന്ദിയും പറഞ്ഞു.

പദ്ധതിയിലുള്ളത്

കോവളത്തെ ഗ്രോവ് ബീച്ച്, സമുദ്രാ ബീച്ച്, ഹവാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിൽ ഓപ്പൺ എയർ തിയേറ്റർ, യോഗാ കേന്ദ്രം, നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, ദിശാ സൂചകങ്ങൾ, ടോയ്‌ലെറ്റുകൾ, പൊലീസ് എയ്ഡ് പോസ്റ്റ്, ലൈഫ് ഗാർഡ് കിയോസ്‌ക്, സ്വാഗത കവാടം, റോക്ക് ഗാർഡൻ, വ്യാപാരശാലകൾ എന്നിവയാണ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണ് നിർമ്മാണ ചുമതല വഹിക്കുന്നത്.