പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ സ്ഥാപിച്ച ജൈവമാലിന്യം സംസ്കരണ പ്ലാന്റുകൾ വെറും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ജില്ലയിലെ അറിയപ്പെടുന്ന പള്ളം ഫിഷ് മാർക്കറ്റ് മാർക്കറ്റിന്റെ പരിസര പ്രദേശങ്ങളിൽ അഴുകിയ മത്സ്യങ്ങൾ ഉപേക്ഷിക്കുന്നവരും കുറവല്ല. മത്സ്യാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും തീരപ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകർ രംഗത്തിറങ്ങിയത്. മാലിന്യ നിക്ഷേപം വർദ്ധിച്ചതോടെ പ്രദേശത്ത് തെരുവ് നായ ശല്യവും വർദ്ധിച്ചു. മാലിന്യത്തിൽ തമ്പടിച്ച തെരുവ് നായ്ക്കൾ പിന്നീട് ജനവാസ കേന്ദ്രളിലേക്കിറങ്ങി നാട്ടുകാർക്ക് ഭീഷണിയാകാൻ തുടങ്ങിയതോടെ പള്ളി ഇടവക ഇടപെട്ട് തീരദേശത്ത് മാലിന്യ നിക്ഷേപത്തിനെതിരെ ബോർഡുകൾ സ്ഥാപിച്ചത്. എന്നിട്ടും മാലിന്യ നിക്ഷേപം തകൃതിയായി നത്തെ ഇവിടെ നടക്കുന്നുണ്ട്. മാലിന്യം കുന്നുകൂടുന്നതുകാരണം നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്.
ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംസ്ഥാന ഹരിത കേരള മിഷനുമായി സഹകരിച്ച് കരുംകുളം പഞ്ചായത്തിലെ 1,16,18 വാർജുകളിൽ ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ചത്. ഇതിന്റെ പ്രവർത്തന ചുമതല കുടുംബശ്രീയെ ഏൽപ്പിക്കാനും ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മെയിൽ രണ്ട് ദിവസത്തെ പരിശീലനവും ഇവർക്കിയ നൽകി. എന്നാൽ ഒരു സ്ഥലത്തുപോലും മാലിന്യം സംസ്കരണ പ്ലാന്റ് പ്രവർത്തിപ്പിക്കാനായില്ല.
മാലിന്യസംസ്കരണ പ്ലാന്റും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യസംസ്കരണത്തിനായി നിർമ്മിച്ച കെട്ടിടം അടഞ്ഞതോടെ മാലിന്യം നിക്ഷേപിക്കുന്നത് ഈ കെട്ടിടത്തിന്റെ പരിസരങ്ങളിലാണ്. കുടുംബശ്രീ യോഗങ്ങളിലും, അയൽക്കൂട്ടങ്ങളിലും വാർഡ് സഭയിലും സുരക്ഷിതമായി മാലിന്യ നിക്ഷേപം എങ്ങനെ നടത്താമെന്ന ബോധവത്കരണം നടത്താതിരിക്കുന്നത് കാരണം അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് നാട്ടുകാർ പറയുന്നത്. കെട്ടിടം നിർമ്മിച്ച് പോയതിന് ശേഷം ആരും തിരിഞ്ഞ് നോക്കായിട്ടില്ലന്നും നാട്ടുകാർ പരാതി പറയുന്നു.