തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയത്തിനായി ഇന്നലെ ചേർന്ന കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി യോഗം ഡി.സി.സികൾ നൽകിയ നെടുങ്കൻ സാദ്ധ്യതാ പട്ടികകൾ ചർച്ചയ്ക്കെടുക്കാതെ പിരിഞ്ഞു. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായും സമിതിയിലില്ലാത്ത ഡി.സി.സി പ്രസിഡന്റുമാരുമായും പ്രത്യേകം ചർച്ച നടത്തി ധാരണയിലെത്തിയ ശേഷം അന്തിമപാനൽ എ.ഐ.സി.സിക്കു സമർപ്പിക്കാനാണ് തീരുമാനം. ഇതിന് മുകുൾ വാസ്‌നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരെ യോഗം ചുമതലപ്പെടുത്തി.

മൂന്നു നേതാക്കളും ഇവരിൽ നിന്ന് അഭിപ്രായങ്ങൾ എഴുതിവാങ്ങും. പുറമേ എല്ലാ ഡി.സി.സി അദ്ധ്യക്ഷന്മാരുമായും മുല്ലപ്പള്ളി പ്രത്യേകം സംസാരിക്കും. സ്ഥാനാർത്ഥിത്വം പരസ്യമായി ആവശ്യപ്പെട്ട മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഉൾപ്പെടെ പോഷകസംഘടനകളോട് സീറ്റില്ലെന്ന് തീർത്തുപറഞ്ഞിട്ടുണ്ട്.

മാണിഗ്രൂപ്പിലെ തർക്കത്തിൽ യു.ഡി.എഫ് സീറ്റ് വിഭജനം പാതിവഴിയിലായതിനാൽ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്കു കടക്കുന്നത് ഉചിതമാകില്ലെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഇന്നാണ് മാണിഗ്രൂപ്പുമായി ആലുവയിലെ ചർച്ച.

വിജയസാദ്ധ്യത മുഖ്യമാനദണ്ഡമാക്കണമെന്ന് ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിലും ഗ്രൂപ്പ് നേതൃത്വങ്ങളുടെ കൈകളിലേക്ക് തന്നെ കാര്യങ്ങളെത്തുന്നു എന്നതാണ് സ്ഥിതി. വി.എം. സുധീരൻ മത്സരിക്കണമെന്ന ആഗ്രഹം മുകുൾ വാസ്നിക് യോഗത്തിൽ പറഞ്ഞെങ്കിലും മത്സരത്തിനില്ലെന്ന് സുധീരൻ ആവർത്തിച്ചു. സിറ്റിംഗ് എം.പിമാരുടെ സീറ്റുകളിൽ അവർക്ക് മുൻഗണന നൽകണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തിനു വിരുദ്ധമായി പുതിയ പേരുകളുൾ ഉപ്പെടുത്തിയുള്ള പാനൽ പരസ്യമാക്കിയതിന് പത്തനംതിട്ട ഡി.സി.സിയെ യോഗം ശാസിച്ചു. ഇവരോട് പട്ടിക തിരുത്തി വാങ്ങും.

ഏഴ് സിറ്റിംഗ് സീറ്റുകളൊഴികെ, 9 സീറ്റുകളുടെ കാര്യത്തിലായിരുന്നു ഇന്നലെ പൊതുചർച്ച. ആറ്റിങ്ങൽ, ഇടുക്കി, ചാലക്കുടി, തൃശൂർ, ആലത്തൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്, അന്തരിച്ച എം.ഐ. ഷാനവാസിന്റെ ഒഴിവിലേക്ക് വയനാട് എന്നിവിടങ്ങളിലേക്കാണ് ജയസാദ്ധ്യത മുഖ്യഘടകമാകണമെന്ന നിർദ്ദേശം പൊതുവിൽ നേതൃത്വം വച്ചത്. വടകരയിൽ മുല്ലപ്പള്ളി മത്സരിക്കണമെന്ന സമ്മർദ്ദമുണ്ടെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന നിലപാടിൽത്തന്നെ.

പരമാവധി മൂന്ന് പേരുകളുള്ള പട്ടികയ്ക്കാണ് നിർദ്ദേശിച്ചതെങ്കിലും പല ഡി.സി.സികളും ജംബോപട്ടിക കൈമാറിയതും പ്രശ്നമാണ്. തിരഞ്ഞെടുപ്പു സമിതിക്കു മുമ്പായി കഴിഞ്ഞ ദിവസം എ, ഐ ഗ്രൂപ്പുകൾ യോഗം ചേർന്നിരുന്നു. വയനാട്ടിൽ സീറ്റ് മോഹികളിലേറെയും എ ഗ്രൂപ്പുകാരാണെങ്കിലും വിട്ടുകൊടുക്കില്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാട്.