തിരുവനന്തപുരം: നേതൃത്വത്തിന് അനഭിമതനായ പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥനെതിരെ സംഘടനാതല നടപടി നീക്കം ശക്തിപ്പെടുത്തിയതോടെ സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി തുറന്ന പോരിലേക്ക്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജി.എ.ഡി സ്പെഷ്യൽ ജോ. സെക്രട്ടറി സി. അജയനെ അദ്ദേഹം അവധിയിലായിരുന്ന ദിവസം നോക്കി പുകച്ചുചാടിക്കാൻ നടത്തിയ നീക്കം മുഖ്യമന്ത്രിയുടെ ഓഫീസ് കൈയോടെ പിടികൂടിയതും മുഖ്യമന്ത്രിയിൽ ഇത് കടുത്ത നീരസം സൃഷ്ടിക്കുകയും ചെയ്തതോടെയാണ് നിഴൽയുദ്ധം മുറുകിയത്.

ഗുരുതരമായ ചട്ടലംഘനം കൈയോടെ പിടികൂടിയതിനെ തുടർന്ന് അസോസിയേഷന്റെ പ്രമുഖനേതാക്കളായ മൂന്ന് പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥരെ റവന്യൂ, തദ്ദേശഭരണ വകുപ്പുകളിലേക്ക് സ്ഥലം മാറ്റിയതോടെയാണ് വിവാദത്തിന് തുടക്കം. ജോയിന്റ് സെക്രട്ടറിയെ അദ്ദേഹമില്ലാതിരുന്ന ദിവസം നോക്കി കീഴുദ്യോഗസ്ഥരായ അണ്ടർ സെക്രട്ടറി, സെക്‌ഷൻ ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിലുള്ളവർ ഗൂഢാലോചന നടത്തി സ്ഥലംമാറ്റം നടത്താൻ ശ്രമിച്ചെന്ന ആക്ഷേപം, ഗുരുതര അച്ചടക്കലംഘനമെന്നാണ് പൊതുഭരണവകുപ്പിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസും ഇത് ഗൗരവമായെടുക്കാൻ നിർദ്ദേശിച്ചതോടെയാണ് സംഘടനയിൽ പ്രതിസന്ധി ഉടലെടുത്തത്. ഇതിനെ മറികടക്കാൻ സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തോട് ചേർത്തുവച്ച് ചിത്രീകരിക്കാൻ ശ്രമിച്ചെന്ന ആക്ഷേപവും ഇപ്പോൾ സംഘടനയ്ക്കകത്ത് ഉയർന്നിട്ടുണ്ട്. വിവാദം വഷളാക്കാതെ അവസാനിപ്പിക്കുന്നതിന് പകരം ആളിക്കത്തിക്കാനുള്ള നീക്കമാണുണ്ടായതെന്ന് സി.പി.എം നേതൃത്വത്തിലും വികാരമുണ്ട്.

സെക്രട്ടേറിയറ്റിലെ ധനകാര്യം,​ നിയമം,​ പൊതുഭരണം എന്നീ വകുപ്പുകളിലെ അണ്ടർസെക്രട്ടറി മുതൽ മുകളിലോട്ടുള്ള നിയമനങ്ങളുടെ നിയന്ത്രണം മുഖ്യമന്ത്രിക്കായതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് വിശ്വസ്തനായ ഉദ്യോഗസ്ഥനെ ജി.എ.ഡി സ്പെഷ്യൽ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്.

സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങൾ നിർദ്ദേശിച്ചെങ്കിലും മുഖ്യ ഭരണാനുകൂലസംഘടനയുടെ സഹകരണമില്ലായ്മ മൂലം കാര്യക്ഷമമായില്ലെന്ന ആക്ഷേപം മുഖ്യമന്ത്രിക്കുണ്ട്. പഞ്ചിംഗിനെ ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതും എങ്ങുമെത്തിയില്ല. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹ ശാസ്ത്രീയ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടെങ്കിലും പരാതികളുയർന്നതിനെ തുടർന്ന് അദ്ദേഹത്തെ മാറ്റി. ഇദ്ദേഹത്തിന്റെ മാറ്റം സംഘടനാ നേതൃത്വത്തിന്റെ മിടുക്കായി ചിത്രീകരിക്കപ്പെട്ടതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ആഴ്ചകൾക്ക് ശേഷം സിൻഹ തിരിച്ചെത്തി വീണ്ടും പരിഷ്കാരനടപടികൾക്ക് തുടക്കമിട്ടു. ഇത് മറയാക്കി ജീവനക്കാർക്കെതിരെ സെക്രട്ടറി നീങ്ങുന്നുവെന്ന ആക്ഷേപമുയർത്തി പ്രതിഷേധിക്കുക വഴി സ്ഥലംമാറ്റ വിവാദത്തെ വഴിതിരിച്ചുവിടാനുള്ള നീക്കവുമുള്ളതായാണ് സൂചന. ഇത് ഫലത്തിൽ മുഖ്യമന്ത്രിക്ക് നേരേയുള്ള ഒളിയുദ്ധം തന്നെയാവും. പുതിയ തർക്കത്തെ സി.പി.എം നേതൃത്വവും ഗൗരവമായാണ് കാണുന്നത്.