കിളിമാനൂർ: യാത്രയ്ക്കിടെ കണ്ണൊന്ന് തെറ്റിയാൽ അഗാധഗർത്തത്തിൽ പതിക്കുമെന്ന് പഴയകുന്നുമ്മൽ സരള - മാടൻനട നിവാസികൾ പറയുന്നത് കിണറിന്റെയോ, കുളത്തിന്റെയോ കാര്യമല്ല. പഴയകുന്നുമ്മൽ പഞ്ചായത്തിലെ സരള - മാടൻനട റോഡ് തകർന്നതിന്റെ ദയനീയ അവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ഈ റോഡിന്റെ സ്ഥിതി കാലങ്ങളായി ഇങ്ങനെ തന്നെയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി ഗ്രാമസഭകളും ബഡ്ജറ്റുകളും ഒക്കെ നടന്നിട്ടും, നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർക്കു ഈ റോഡിനോട് അനങ്ങാപ്പാറ നയമാണ് ഇപ്പോഴും. റോഡിന്റെ ഒരു വശം ഇടിഞ്ഞ് വലിയ ഗർത്തമായി മാറിയിട്ടുണ്ട്. ഓരോ മഴയിലും വശം ഇടിഞ്ഞ് റോഡിന്റെ വീതി കുറയുകയും കാൽനട യാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത അവസ്ഥയുമായിരിക്കുകയാണ്. കൂടാതെ ഇവിടെ ഇടിഞ്ഞ സ്ഥലം കാടുമൂടിയതോടെ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും ആ സ്ഥലം കൃത്യമായി കാണാൻ പറ്റാത്ത സ്ഥിതിയാണ്. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാത്രി കാലങ്ങളിൽ ഇവിടത്തെ തെരുവുവിളക്കുകൾ കത്താത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. ഇവിടെ നിന്ന് മീറ്ററുകൾ മാത്രം ദൂരമാണ് പബ്ലിക് മാർക്കറ്റ്, ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, അംഗൻവാടി എന്നിവയിലേക്ക് ഉള്ളത്. അംഗൻവാടിയിൽ എത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനുമായി അടിയന്തരമായി റോഡിന് വശത്തായി സേഫ്റ്റിവാളോ, കലിങ്കുകളോ സ്ഥാപിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഇനിയും ഈ റോഡിനോട് അധികൃതരുടെ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.