food

തിരുവനന്തപുരം: ജോലിയുടെ ക്ഷീണം തീർക്കാൻ അടുക്കളകൾക്ക് അവധി കൊടുക്കുന്നവരാണ് നഗരത്തിൽ അധികവും. അവധി ദിനമായാൽ ഔട്ടിംഗും പുറത്തുനിന്ന് ഭക്ഷണവും മസ്റ്റാണ്. ഹോട്ടലുകളിലെ ഭക്ഷണത്തെ പ്രകീർത്തിച്ചും മറ്റും സോഷ്യൽ മീഡിയ കൂട്ടായ്മകൾ വരെയുണ്ട്. പക്ഷേ അത്തരക്കാർ ആരും ഹോട്ടലുകളിലെ അടുക്കളയിലെ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരല്ല. നഗരസഭയുടെ കീഴിൽ റെയ്ഡ് നടക്കുമ്പോൾ മാത്രമാണ് അതേക്കുറിച്ച് പലരും സംസാരിക്കുക.

പുറമേ കാണാൻ ഭംഗിയും വെടിപ്പും ഉള്ളതാണ് പല റസ്റ്രറന്റുകളെങ്കിലും ഉപഭോക്താക്കൾക്ക് പ്രവേശനം നിഷേധിക്കുന്നിടത്തെ കാഴ്ചകൾ അത്ര സുഖമുള്ളതല്ലെന്നാണ് നഗരസഭയിലെ സീനിയർ ഹെൽത്ത് സൂപ്പർ വൈസറായ അലക്സാണ്ടർ കേരള കൗമുദി 'ഫ്ളാഷി'നോട് പറയുന്നത്. പച്ചക്കറികൾ കഴുകാതെ ഉപയോഗിക്കുന്നതു മുതൽ പുഴുവരിക്കുന്നതു വരെയുള്ള കാഴ്ചകൾ കാണേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അടുക്കളയിലേക്ക് കടന്നാൽ കാണുന്നത്: അണുക്കൾ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലുള്ള പാത്രങ്ങളായിരിക്കും പാചകത്തിനുപയോഗിക്കുക. യഥാസമയം ഈയം പൂശേണ്ട പാത്രങ്ങളുണ്ട്. ഇവയ്ക്ക് ഈയം പൂശിയില്ലെങ്കിൽ ഇതുവഴി രോഗങ്ങളുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. മാവ് കുഴയ്ക്കുന്ന, മസാല ഉപയോഗിയ്ക്കുന്ന ഇടങ്ങൾ ദിവസവും കഴുകി വൃത്തിയാക്കേണ്ടതാണ്. അതൊന്നും നടക്കാറില്ല. ഇറച്ചി വെട്ടാനുപയോഗിക്കുന്ന മരത്തടി രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ മാത്രം വൃത്തിയാക്കുന്നവരാണ് ഭൂരിപക്ഷവും. ഈ സാഹചര്യങ്ങളിൽ അവിടെയൊക്കെ പുഴുവരിക്കുന്നത് കാണാം.

പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്ന സ്ഥലങ്ങളിലെ ചാലിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിലൂടെ പാറ്റയും എലിയും ഭക്ഷണത്തിനടുത്തെത്തും. നിറം കിട്ടാനായി വില കുറഞ്ഞതോ നിരോധിച്ചതോ ആയ ഫുഡ് കളറുകളാണ് ചേർക്കുക. അംഗീകാരമില്ലാത്ത നിറങ്ങളും അളവിൽ കൂടുതൽ എണ്ണയും കൊഴുപ്പും ചേർക്കുന്നത് പലയിടത്തും നിന്നും പിടിച്ചിട്ടുണ്ട്. പരിശോധനക്കിടെ പിടിച്ചെടുക്കുന്നത് ടാറു പോലെ കറുത്ത എണ്ണയിൽ പൊരിച്ചെടുക്കുന്നതാണ് നമ്മൾ സ്വാദോടെ അകത്താക്കുന്ന പലഹാരങ്ങൾ. പച്ചക്കറികളും ഇറച്ചിയും മീനുമൊക്കെ ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാറില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭയെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.