bjp

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളാരാകണമെന്ന് സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിലിരുന്ന് അഭിപ്രായമാരാഞ്ഞ ബി.ജെ.പി നേതാക്കളുടെ നടപടിയിൽ പാർട്ടിയിൽ വിമർശനമുയരുന്നു. കേരളത്തിന്റെ ഇലക്ഷൻ ചുമതലയുള്ള ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് നേതാക്കൾക്ക് പുറമേ ഒ.രാജഗോപാൽ , സി.കെ.പദ്മനാഭൻ, പി.കെ.കൃഷ്ണദാസ് എന്നിവരാണ് പാർട്ടി നേതാക്കളിൽ നിന്ന് തങ്ങളുടെ മണ്ഡലത്തിൽ ആരാണ് സ്ഥാനാർത്ഥിയാവണമെന്ന് ആരാഞ്ഞത്. നിയോജക മണ്ഡലം പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ, പോഷക സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കൾ എന്നിവരിൽ നിന്നാണ് പേര് ശേഖരിച്ചത്.

നാല് മേഖലകളിലായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാർ നയിക്കുന്ന പരിവർത്തൻ യാത്രകൾ ഇന്ന് ആരംഭിച്ചു. അഞ്ച് ദിവസത്തേക്ക് പാർട്ടി ജാഥയുടെ പിറകേയായിരിക്കും. ഇതിന് ശേഷം മാത്രമേ സ്ഥാനാർത്ഥി നിർണയം നടക്കൂ. അതേസമയം ജാഥ തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് ബി.ജെ.പി ഐ.ടി സെൽ കൺവീനറെ മാറ്രിയത് ബി.ജെ.പിയിൽ പൊട്ടലും ചീറ്റലിനുമിടയാക്കി. ശബരിമല പ്രക്ഷോഭത്തിൽ കെ.സുരേന്ദ്രന്റെ കൂടെ നിന്ന ആനന്ദ്. എസ് നായരെയാണ് സ്ഥാനത്തു നിന്ന് നീക്കിയത്. ആറന്മുളയിൽ നിന്ന് സുരേന്ദ്രന്റെ യാത്ര ആരംഭിക്കാനിരിക്കേ ജാഥ പൊളിക്കാനാണ് ഈ നീക്കമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ആരോപിക്കുന്നു.

അതേസമയം ഇടതുമുന്നണിയും യു.ഡി.എഫും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടപ്പോഴും ബി.ജെ.പിയിൽ ഈ പ്രക്രിയ ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കി. ബി.ജെ.പി വിജയസാദ്ധ്യത കല്പിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയമാണ് ഏറ്രവും നിർണായകം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, കെ.സുരേന്ദ്രൻ, പി.എസ് ശ്രീധരൻ പിള്ള എന്നി പേരുകളാണ് പരിഗണിക്കുന്നത്. ആറ്രിങ്ങലിൽ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ എന്നിവരെയും പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ, പി.എസ് ശ്രീധരൻ പിള്ള , എം.ടി രമേശ് എന്നിവരെയും തൃശൂരിൽ കെ.സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. പാലക്കാട് സി.കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരെയാണ് പരിഗണിക്കുന്നത്. ചില നേതാക്കളുടെ പേരുകൾ ഒന്നിലേറെ മണ്ഡലങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.